Quantcast

'ഉറപ്പാണ് കേരളം ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ': പൊന്നാനിയില്‍ പോസ്റ്റര്‍

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ അതൃപ്തി പരസ്യമായി പുറത്തുവരികയാണ്.

MediaOne Logo

  • Published:

    6 March 2021 12:35 PM IST

ഉറപ്പാണ് കേരളം ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ: പൊന്നാനിയില്‍ പോസ്റ്റര്‍
X

പൊന്നാനിയിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. 'ഉറപ്പാണ് കേരളം ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ' എന്നാണ് പോസ്റ്ററിലുള്ളത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ അതൃപ്തി പരസ്യമായി പുറത്തുവരികയാണ്. രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീരാമകൃഷ്ണന് സീറ്റ് നഷ്ടമായത്. ടി എം സിദ്ദിഖ്, പി നന്ദകുമാര്‍ എന്നീ പേരുകളാണ് സിപിഎം സംസ്ഥാന കമ്മറ്റി പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ പട്ടിക മാര്‍ച്ച് 8ന് പുറത്തുവിടാനാണ് തീരുമാനം.

പി ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം

പി ജയരാജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ധീരജ് കുമാർ പദവി രാജിവെച്ചു. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടെന്ന് ധീരജ് മീഡിയവണിനോട് പറഞ്ഞു. ധീരജിന്റെ നേതൃത്വത്തിലായിരുന്നു അമ്പാടിമുക്കിൽ നിന്നും ബിജെപി - ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത്.

പി ജയരാജന്‍ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്ന് ധീരജ് പറഞ്ഞു. താന്‍ ബൂത്ത് സെക്രട്ടറി കൂടിയാണ്. 300ഓളം വീടുകളുടെ ചാര്‍ജുണ്ട്. ജനങ്ങള്‍ ഇങ്ങോട്ട് ചോദിക്കുന്നുണ്ട് അദ്ദഹം മത്സരിക്കില്ലേയെന്ന്. കണ്ണൂരിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ശക്തനായ നേതാവാണ് പി ജയരാജനെന്നും അദ്ദേഹം പ്രതികരിച്ചു.

പി ജയരാജന്‍റെ നേതൃത്വത്തിലാണ് ധീരജ് ഉള്‍പ്പെടെയുള്ളവരെ സിപിഎമ്മില്‍ എത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പി ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജിലും പി ജയരാജനെ സ്തുതിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വരാറുണ്ടായിരുന്നു.

'സുധാകരനെ മാറ്റിയാൽ തോൽക്കും'

മന്ത്രി ജി സുധാകരനെയും വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നു. സുധാകരനെ മാറ്റിയാൽ മണ്ഡലത്തിൽ തോൽക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. ആലപ്പുഴ വലിയ ചുടുകാട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ പരിഗണിക്കുന്ന എച്ച് സലാം എസ്ഡിപിഐക്കാരനാണെന്നും പോസ്റ്ററിൽ പരാമർശമുണ്ട്.

രക്തസാക്ഷി മണ്ഡപത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ആരാണ് പോസ്റ്റര്‍ പതിച്ചതെന്ന് വ്യക്തമല്ല. ഇന്ന് സിപിഎം ജില്ലാ കമ്മറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. ജി സുധാകരനും തോമസ് ഐസക്കിനും ഇളവ് നല്‍കി വീണ്ടും മത്സരിപ്പിക്കണമെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്താനാണ് സിപിഎം തീരുമാനം.

അഞ്ച് മന്ത്രിമാര്‍ക്ക് ഇത്തവണ സീറ്റില്ല. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്കാണ് രണ്ട് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന മാനദണ്ഡ പ്രകാരം സീറ്റ് നഷ്ടമായത്. സിപിഎം സ്ഥാനാർഥി പട്ടികക്ക് പ്രാഥമിക രൂപമായി. ഇന്നും നാളെയുമായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യും. 8ന് അന്തിമ പട്ടിക പുറത്തിറക്കും.

TAGS :

Next Story