Quantcast

മജീദിനെതിരെ പ്രതിഷേധം: മലപ്പുറം ആവർത്തിക്കുമോ? തിരൂരങ്ങാടിയിൽ ലീഗിന് നെഞ്ചിടിപ്പ്

2004ൽ ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ ഏറ്റ തോൽവിക്കു സമാനമായ തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് നേതൃത്വത്തിനുള്ളത്

MediaOne Logo

  • Published:

    13 March 2021 12:07 PM IST

മജീദിനെതിരെ പ്രതിഷേധം: മലപ്പുറം ആവർത്തിക്കുമോ? തിരൂരങ്ങാടിയിൽ ലീഗിന് നെഞ്ചിടിപ്പ്
X

മലപ്പുറം: തിരൂരങ്ങാടിയിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി കെപിഎ മജീദിനെതിരെ മണ്ഡലത്തിലെ പ്രവർത്തകർ പ്രത്യക്ഷത്തിൽ രംഗത്തെത്തിയതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിൽ. 2004ൽ ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിൽ ഏറ്റ തോൽവിക്കു സമാനമായ തിരിച്ചടിയുണ്ടാകുമോ എന്ന ഭയമാണ് നേതൃത്വത്തിനുള്ളത്. അന്ന് ഇടതു സ്ഥാനാർത്ഥി ടികെ ഹംസയോടാണ് മജീദ് പരാജയപ്പെട്ടത്.

'മജീദിനെ തോൽപ്പിക്കും'

മജീദിനെ മാറ്റണമെന്ന ആവശ്യവുമായാണ് പ്രവർത്തകർ ജില്ലാ ലീഗ് പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയത്. വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥിയാണ് മജീദ് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെയുണ്ടായ ഇത്തരമൊരു പ്രതിഷേധം അക്ഷരാർത്ഥത്തിൽ ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

സ്വാഭാവികമായ പ്രതിഷേധം ചിലയിടങ്ങളിൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പരസ്യ പ്രതിഷേധം പാർട്ടിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും.

1980കൾ മുതൽ മത്സരരംഗത്തുള്ള മജീദിന്റെ പേര് ലീഗിന്‍റെ പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. പാർട്ടിയിലെ ചില നേതാക്കൾക്കും അദ്ദേഹം മത്സരിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നു.

1980, 1982, 1987, 1991, 1996 വർഷങ്ങളിലാണ് മജീദ് നിയമസഭയിലേക്ക് മത്സരിച്ചത്. 2004ൽ ലോക്‌സഭയിലേക്കും കൈ നോക്കി. രണ്ടു തവണ തോറ്റു. ഒമ്പതാം നിയമസഭയിൽ ചീഫ് വിപ്പായി. ഇത് മജീദിന്റെ ആറാം നിയമസഭാങ്കമാണ്. പുതിയ തലമുറയ്ക്ക് വേണ്ടി മത്സരരംഗത്തു നിന്ന് മാറിക്കൊടുക്കണമെന്ന ആവശ്യമാണ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ഉണ്ടായിരുന്നത്. എന്നാൽ മൂന്നു തവണ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന തത്വം മജീദിന് ബാധകമായില്ല.

പാർട്ടിയെ ഞെട്ടിച്ച തോൽവി

14-ാം ലോക്‌സഭയിലേക്ക നടന്ന തെരഞ്ഞെടുപ്പിലാണ് മജീദ് എല്ലാവരെയും ഞെട്ടിച്ച് മഞ്ചേരിയിൽ തോറ്റത്. 47,743 വോട്ടിനാണ് അന്ന് ടികെ ഹംസ ലീഗ് നേതാവിനെ കെട്ടുകെട്ടിച്ചത്. 1957 മുതലുള്ള മഞ്ചേരിയുടെ ചരിത്രമാണ് ഇതോടെ തിരുത്തപ്പെട്ടത്. 1999ൽ 1,23,411 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇ അഹമ്മദ് വിജയിച്ച മണ്ഡലത്തിലായിരുന്നു മജീദിന്റെ തോൽവി.

ടികെ ഹംസ

2004ലെ തോൽവിക്ക് ശേഷം ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പിവി അബ്ദുൽ വഹാബ് എംപിയും മത്സരിക്കാനുള്ള താത്പര്യം അറിയിച്ചിരുന്നു. വഹാബിനെ മത്സരരംഗത്തിറക്കി മജീദിനെ രാജ്യസഭയിലേക്ക് അയക്കാനുള്ള ഫോർമുലയും ലീഗ് ആലോചിച്ചിരുന്നു. എന്നാൽ രണ്ട് എംപിമാർ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ഇതോടെ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാതായതോടെ 2012ൽ മജീദ് പാർട്ടി ജനറൽ സെക്രട്ടറിയായി. പികെ കുഞ്ഞാലിക്കുട്ടിക്ക് ശേഷം ഏറ്റെടുത്ത പദവിയിൽ പരമാവധി എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാനുള്ള യത്‌നങ്ങൾ മജീദ് നടത്തി. എന്നാൽ അപ്പോഴും ലീഗിന്റെ കടിഞ്ഞാൺ കുഞ്ഞാലിക്കുട്ടിയുടെ കൈയിൽ തന്നെയായിരുന്നു.

തിരൂരങ്ങാടിയുടെ കൈവിടുമോ?

കേരള രാഷ്ട്രീയത്തിൽ ഏറെ സവിശേഷതയുള്ള മണ്ഡലമാണ് തിരൂരങ്ങാടി. 1995ലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എകെ ആന്റണിയെ ലീഗ് ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയത് ഈ മണ്ഡലത്തിൽ നിന്നാണ്. ഐഎസ്ആർഒ ചാരക്കേസിൽ കെ കരുണാകരൻ രാജിവച്ചപ്പോഴാണ് ആന്റണി ഡൽഹിയിൽ നിന്ന് വന്ന് മത്സരിച്ചത്.

ലീഗിൽ നിന്ന് രാജിവച്ച് ഐഎൻഎല്ലിലേക്ക് കൂടുമാറിയ യുഎ ബീരാൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ലീഗ് ആന്റണിയെ തിരൂരങ്ങാടിയിലേക്ക് ക്ഷണിച്ചത്. പികെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു അന്ന് പ്രചാരണത്തിന്‍റെ ചുമതല. ഇടത് സ്ഥാനാർത്ഥി ഡോ. എൻഎ കരീമിനെ 22,161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആന്റണി തോൽപ്പിച്ചത്.

എകെ ആന്റണി

1957 മുതൽ 15 തവണയാണ് തിരൂരങ്ങാടിയിൽ തെരഞ്ഞെടുപ്പ് നടന്നത്. ആന്റണി മാത്രമാണ് ലീഗ് ടിക്കറ്റിലല്ലാതെ മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയത്. ഉപമുഖ്യമന്ത്രിയായിരുന്ന അവുക്കാദർ കുട്ടി നഹ, സിപി കുഞ്ഞാലിക്കുട്ടി കേയി, യുഎ ബീരാൻ, കെ കുട്ടി അഹമ്മദ് കുട്ടി, പികെ അബ്ദുറബ്ബ് എന്നിവർ.

മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന് പകരമാണ് മജീദ് തിരൂരങ്ങാടിയിലെത്തുന്നത്. 2016ൽ 6043 വോട്ടിന്റെ 'നേരിയ' ഭൂരിപക്ഷത്തിനാണ് അബദുറബ്ബ് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011ലെ 36000 വോട്ടിൽനിന്നാണ് ഭൂരിപക്ഷം ആറായിരത്തിലേക്ക് വീണത്. ഇപ്പോഴത്തെ പ്രതിഷേധം തണുപ്പിക്കാനായില്ലെങ്കില്‍ അഭൂതപൂര്‍വ്വമായ വെല്ലുവിളിയാകും തിരൂരങ്ങാടിയില്‍ ലീഗും മജീദും നേരിടുക.

TAGS :

Next Story