സൂരറൈ പോട്ര്; ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നു
ഇത്തവണ ഓസ്‌കർ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 366 ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' 93-ാമത് അക്കാദമി അവാർഡ് മത്സരത്തിന് യോഗ്യത നേടി. ഇത്തവണ ഓസ്‌കർ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 366 ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. കോവിഡ് പ്രതിസന്ധി കാരണം ചിത്രം ആമസോൺ പ്രൈംവീഡിയോയിൽ റിലീസ് ചെയ്യുകയായിരുന്നു.
ചിത്രം ഓസ്‌കർ അവാർഡിന് മത്സരിക്കുന്ന വിവരം നിർമ്മാതാക്കൾ ജനുവരിയിൽ അറിയിച്ചിരുന്നു. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ സ്‌കോർ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയിലെ ആദ്യ ബജറ്റ് എയർലൈനായ എയർ ഡെക്കാന്റെ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ. ഗോപിനാഥിന്റെ ആത്മകഥയായ 'സിംപ്ലി ഫ്‌ളൈ - എ ഡെക്കാൻ ഒഡീസി' എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2020 നവംബർ 12 ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ചിത്രം നിരൂപക, പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
സൂര്യ, അപർണ ബാലമുരളി, പരേഷ് റാവൽ, മോഹൻ ബാബു, കൃഷ്ണകുമാർ, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
Adjust Story Font
16

