Quantcast

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍ റഷ്യ-തുര്‍ക്കി സംയുക്തസമിതി

മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ഇക്കാര്യത്തില്‍ സംയുക്ത ധാരണ രൂപപ്പെടുത്തിയതായി ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

MediaOne Logo

  • Published:

    12 March 2021 7:32 AM IST

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍  റഷ്യ-തുര്‍ക്കി സംയുക്തസമിതി
X

സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍ സംയുക്ത സമിതി രൂപീകരിച്ച് റഷ്യയും തുര്‍ക്കിയും. ഇതിന്‍റെ ഭാഗമായി റഷ്യ, തുര്‍ക്കി വിദേശകാര്യമന്ത്രിമാര്‍ ദോഹയിലെത്തി അമീറുമായി കൂടിക്കാഴ്ച്ച നടത്തി. മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ഇക്കാര്യത്തില്‍ സംയുക്ത ധാരണ രൂപപ്പെടുത്തിയതായി ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‍‍‍‍‍‍ലൂട്ട് കാവുസോഗ്ലുവുമാണ് അടിയന്തര സന്ദര്‍ശനര്‍ത്തിന് ഇന്ന് ദോഹയിലെത്തിയത്. തുടര്‍ന്ന് ഇരുവരും ഖത്തര്‍ അമീറുമായും പിന്നീട് ഖത്തര്‍ വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള തീരുമാനങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ നടന്നതായുള്ള വിവരം ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനി അറിയിച്ചത്. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനും രാജ്യം വിട്ടോടിപ്പോയവരെയും അഭയാര്‍ഥികളെയും എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനും ഖത്തര്‍ സുപ്രധാന നീക്കങ്ങള്‍ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ മാനുഷികപരവും രാഷ്ട്രീയപരവുമായ പ്രതിജ്ഞാബദ്ധത ഖത്തറിനുണ്ട്. റഷ്യയും തുര്‍ക്കിയും ഖത്തറും ചേര്‍ന്നുള്ള കൂടിക്കാഴ്ച്ചകള്‍ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃത്യമായ ഇടവേളകളില്‍ ഈ സംയുക്ത ചര്‍ച്ച തുടരുമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ സമാനനിലപാടുള്ള രാജ്യങ്ങളെ കൂടി ഈ നീക്കത്തില്‍ കണ്ണികളാക്കും.

മൂന്ന് രാജ്യങ്ങളുടെയും മന്ത്രിമാരും സ്ഥാനപതികളും ചേര്‍ന്നുകൊണ്ടുള്ള ചര്‍ച്ചകളും നടക്കും. പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സിറിയന്‍ ജനതയുടെ ദുരിതജീവിതം അവസാനിപ്പിക്കാനുള്ള പുതിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ഖത്തറിനെ അഭിനന്ദിക്കുന്നതായി തുര്‍ക്കി വിദേശകാര്യമന്ത്രി പറഞ്ഞു.

കോവിഡിന്‍റെ സാഹചര്യത്തില്‍ സിറിയയിലേക്ക് അടിയന്തര സഹായങ്ങളെത്തിക്കാനും യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്ന സമാധാന ജീവിതം പുനസ്ഥാപിക്കുന്നതിനുമാണ് ഈ സംയുക്ത നീക്കങ്ങളിലെ പ്രധാന ഊന്നലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. റമളാനിന് മുന്നോടിയായി സമിതിയുടെ അടുത്ത യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

TAGS :

Next Story