ഖത്തറിനിത് അതിജീവനത്തിന്റെ വര്‍ഷം

അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മുന്നില്‍ വിജയകരമായി പിടിച്ചുനിന്നത് തന്നെയാണ് 2018ല്‍ ഖത്തര്‍ രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കിയത്. ഒപെകില്‍ നിന്ന് പിന്മാറാനെടുത്ത തീരുമാനവും എണ്ണയിതര വരുമാനമേഖലകളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചതും ധീരമായ നിലപാടുകളായിരുന്നു.
എക്സിറ്റ് പെര്‍മിറ്റ് എടുത്തൊഴിവാക്കിയത് പ്രവാസികള്‍ക്ക് വലിയ നേട്ടമായപ്പോള്‍ ഇന്ത്യക്കാര്‍ക്കനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവലില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഈ വര്‍ഷമാണ്. കര-വ്യോമ പാതകളടച്ച് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ നിശ്ചയദാര്‍ഡ്യം കൊണ്ട് മറികടന്ന ഖത്തരിചരിതം ലോകരാഷ്ട്രീയത്തില്‍ തന്നെ സവിശേഷമായ കാഴ്ച്ചയാണ്.
ഉപരോധമേര്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ ഖത്തര്‍ അതിനെ മറികടന്നത് ഈ വര്‍ഷമാണ്. കൂടുതല്‍ മേഖലകളില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു. എണ്ണയിതരമേഖലകളിലേക്ക് ശ്രദ്ധേകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി നിക്ഷേപ വാണിജ്യരംഗത്ത് ഫ്രീസോണ്‍ മേഖലകള്‍ സൃഷ്ടിച്ചു.
ഒരു വഴിയടഞ്ഞപ്പോള്‍ പുതിയ വഴികള്‍ തുറക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സ്വീകരിച്ച നയതന്ത്ര നീക്കങ്ങള്‍ വിജയം കണ്ടു. തുര്‍ക്കിയുടെ അകമഴിഞ്ഞ സഹായത്തോടെ പുതിയ കപ്പല്‍പ്പാതകള്‍ തുറന്നു. അന്താരാഷ്ട്ര പിന്തുണ നേടുകയെന്ന ലക്ഷ്യതതോടെ നടത്തിയ യൂറോപ്യന്‍ ലാറ്റിനമേരിക്കന്‍ പര്യടനങ്ങള്‍ വിജയകരമായി.
ഉപരോധത്തെ ഞങ്ങളിതാ മറികടന്നിരിക്കുന്നുവെന്ന അമീറിന്‍റെ ഉറച്ച വാക്കുകള്‍ യു.എന്‍ പൊതുസഭയില്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ഒപെകില്‍ നിന്ന് പിന്മാറാനെടുത്ത തീരുമാനം ചരിത്രപരവും പുതിയ കാഴ്ച്ചപ്പാടുകളുടെതുമായിരുന്നു. പ്രകൃതി വാതക കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുയെന്നതായിരുന്നു ലക്ഷ്യം.
ഇതിനെല്ലാമിടയിലും നാല് വര്‍ഷമപ്പുറം നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്ക് യാതൊരു മുടക്കവും വരാതെ മുന്നോട്ടുപോയതും കരുത്തായി. ലോകകപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ആരോപണങ്ങളെയും നിഷേധിച്ച് ഫിഫ തന്നെ രംഗത്തെത്തിയത് ഖത്തറിന് തുണയായി.
രാജ്യം വിടാന്‍ സ്പോണ്‍സറുടെ അനുമതി വേണ്ടിയിരുന്ന എക്സിറ്റ് പെര്‍മിറ്റ് നിയമം എടുത്തൊഴിവാക്കിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ തീരുമാനമായി. അതേസമയം, ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസകരമായിരുന്ന ഓണ്‍അറൈവല്‍ വിസയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
രൂപയെ അപേക്ഷിച്ച് ഖത്തരി റിയാലിന് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യം ലഭിച്ചതും ഈ വര്‍ഷമാണ്. ലോക അത്‍ലറ്റിക് ചാംപ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന വരും വര്‍ഷം കായികരംഗത്ത് മാത്രമല്ല സര്‍വമേഖലകളിലും ഖത്തറിന് നിര്‍ണായകമാണ്
Adjust Story Font
16

