Quantcast

ഖത്തറിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങള്‍ ഇനി എളുപ്പമാകും

ആദ്യ ഘട്ടത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കുള്ള വിസകള്‍ മാത്രമെ ഇത്തരം സെന്‍ററുകളിലൂടെ നല്‍കിയിരുന്നുള്ളൂ

MediaOne Logo

Web Desk

  • Published:

    2 March 2019 12:28 AM IST

ഖത്തറിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങള്‍ ഇനി എളുപ്പമാകും
X

വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തറിന്‍റെ വിസാ സേവന കേന്ദ്രങ്ങളിലൂടെ ഇനി മുതല്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വിസാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനാകും. വിസ സേവന നടപടികള്‍ പരമാവധി എളുപ്പമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നടപടി.

രാജ്യത്തേക്കുള്ള തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ രാജ്യങ്ങളില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ വിസ സേവനകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കുള്ള വിസകള്‍ മാത്രമെ ഇത്തരം സെന്‍ററുകളിലൂടെ നല്‍കിയിരുന്നുള്ളൂ.

എന്നാല്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള വിസകളും അതിന്‍റെ മുഴുവന്‍ നടപടിക്രമങ്ങളും കൂടി ഇത്തരം സെന്‍ററുകളിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ വിസ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുള്ള ഖലീഫ അല്‍ മുഹന്നദി പറഞ്ഞു. രാജ്യത്തേക്കുള്ള വിസാ സേവന നടപടികള്‍ പരമാവധി എളുപ്പമാക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നടപടി.

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോന്യേഷ്യ, നേപ്പാള്‍, തുണീഷ്യ, പാക്കിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ എട്ടു രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഖത്തര്‍ വിസ സേവന കേന്ദ്രങ്ങള്‍ തുറക്കുക. ഇതില്‍ ശ്രീലങ്കയിലെയും പാക്കിസ്താനിലെയും കേന്ദ്രങ്ങള്‍ ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യയിലുള്‍പ്പെടെയുള്ള സേവന കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രൊഫഷണല്‍ മേഖലയില്‍ നിരവധി ഇന്ത്യക്കാര്‍ എല്ലാ വര്‍ഷവും ഖത്തറിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി എത്തുന്നുണ്ട്. ഇവരുടെ വിസാ സ്റ്റാമ്പിങ്, മെഡിക്കല്‍, ഫിങ്കര്‍ പ്രിന്‍റിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ നിലവില്‍ ഖത്തറിലെത്തിയതിന് ശേഷമാണ് നടത്തുന്നത്.

വിസ സേവനകേന്ദ്രങ്ങള്‍ തുറക്കുന്നതോടെ ഇത്തരം സേവനങ്ങളെല്ലാം ഇന്ത്യയില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വിസാ തട്ടിപ്പുകള്‍ക്കുള്ള സാധ്യത പരമാവധി കുറക്കാനും ഇത് സഹായിക്കും.

TAGS :

Next Story