അമ്പതിലേറെ രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ സൗകര്യമൊരുക്കി ഖത്തര്‍
ഒരു കോടി കുരുന്നുകള്‍ക്ക് വിദ്യാഭ്യാസമൊരുക്കിയത് 65 വ്യത്യസ്ത പദ്ധതികളിലൂടെ

യുദ്ധങ്ങളാലും മറ്റും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന വിവിധ രാജ്യങ്ങളിലെ ഒരു കോടി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയെന്ന് ഖത്തര്‍. ജനീവയിലെ യു.എന്‍ മനുഷ്യാവകാശ സമിതി ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ യു.എന്നിലെ ഖത്തര്‍ സ്ഥാനപതി അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ മറ്റ് ലോക രാജ്യങ്ങളും തങ്ങളുടെ കടമ നിറവേറ്റണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, സാമ്പത്തിക പരാധീനത എന്നിവ മൂലം കഷ്ടതകളനുഭവിക്കുന്ന അമ്പതിലേറെ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പിക്കാന്‍ ഖത്തറിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. അറുപത്തിയഞ്ച് വ്യത്യസ്ത പദ്ധതികളിലൂടെയാണ് ഇത് നടപ്പാക്കിയത്. യുദ്ധക്കെടുതികളനുഭവിക്കുന്ന മേഖലകളിലെ കുട്ടികള്‍ക്കായി പി.ഇ.ഐ.സി, ജി.സി.പി.ഇ.എ, എജ്യുക്കേഷന്‍ എബവ് ഓള്‍ എന്നിങ്ങനെ വിവിധ വിദ്യാഭ്യാസ പദ്ധതികളാണ് ഖത്തര്‍ നടപ്പാക്കി വരുന്നത്. രാജ്യാന്തര തലത്തില്‍ 82 സംഘടനകളുടെ സഹായം ഇക്കാര്യത്തില്‍ ഖത്തറിന് ലഭിക്കുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സുസ്ഥിര വികസനം സാധ്യമാകണമെങ്കില്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കണം. ഇക്കാര്യത്തില്‍ മുഴുവന്‍ ലോക രാജ്യങ്ങളും തങ്ങളുടെ കടമ നിറവേറ്റേണ്ടതുണ്ടെന്നും അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരി ഓര്‍മ്മിപ്പിച്ചു. വിദ്യാഭ്യാസം കുട്ടികളുടെ അടിസ്ഥാന അവകാശമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചതിന്‍റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജനീവയില്‍ പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചത്.
Adjust Story Font
16

