Quantcast

ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം ഏകീകൃത ടിക്കറ്റുമായി ഖത്തര്‍

ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്

MediaOne Logo

Web Desk

  • Published:

    16 March 2019 1:50 AM GMT

ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം ഏകീകൃത ടിക്കറ്റുമായി ഖത്തര്‍
X

ഖത്തറിലെ റോഡ്, റെയില്‍, സമുദ്ര ഗതാഗത സംവിധാനങ്ങള്‍ക്കെല്ലാം കൂടി ഏകീകൃത ടിക്കറ്റ് സംവിധാനം ഒരുങ്ങുന്നു. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ കര്‍വ ടാക്സികള്‍, ബസുകള്‍, ദോഹ മെട്രോ എന്നിവയിലേക്കുള്ള ടിക്കറ്റുകളെല്ലാം സ്മാര്‍ട്ട് ഫോണുകളിലൂടെയും ആപ്പിള്‍ വാച്ചിലൂടെയും എടുക്കാന്‍ കഴിയും.

ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗതാഗതമന്ത്രാലയം പുതിയ സംവിധാനം കൊണ്ടുവരുന്നത്. റോഡ് റെയില്‍ സമുദ്ര യാത്രകള്‍ക്കെല്ലാം കൂടി ഏകീകൃത സ്മാര്‍ട്ട് ടിക്കറ്റിങ് സംവിധാനമാണ് നടപ്പാക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതിയുടെ നിര്‍വഹണം.

സിങ്കപ്പൂരിലെ എം.എസ്.ഐ ഗ്ലോബല്‍, ഗള്‍ഫ് ബിസിനസ് മെഷീന്‍സ് ഖത്തര്‍ (ജി.ബി.എം) എന്നിവയുമായി ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം ഇതു സംബന്ധിച്ച പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു.

ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം സമഗ്രമായി സംയോജിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും അതിലൂടെ ദേശീയ സമ്പദ്‍വ്യവസ്ഥക്ക് കൂടുതല്‍ സംഭാവന ഉറപ്പാക്കാനും മന്ത്രാലയം നടത്തുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സയീഫ് അല്‍ സുലൈത്തി പറഞ്ഞു.

ഖത്തര്‍ റെയിലിന്റെ ആധുനിക പൊതുയാത്രാ സംവിധാനങ്ങളായ ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് ട്രാന്‍സിറ്റ് എന്നിവ അതിവേഗം പ്രവര്‍ത്തന സജ്ജമായി വരികയാണ്. ഖത്തര്‍ റെയിലിന്റെ ട്രാം സര്‍വീസാണ് ലുസൈല്‍ ലൈറ്റ് ട്രാന്‍സിറ്റ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് പ്രത്യേകം ടിക്കെറ്റെടുക്കാതെ കര്‍വ ബസില്‍ മെട്രോ, ട്രാം സ്റ്റേഷനുകളിലേക്കെത്തി യാത്ര തുടരാം. യാത്രക്കാര്‍ക്ക് ഏറെ സൗകര്യവും സമയലാഭവും ഇതിലൂടെ ലഭിക്കും.

ഭാവിയില്‍ ഖത്തര്‍ വികസിപ്പിക്കുന്ന സമുദ്രഗതാഗത സംവിധാനങ്ങളിലേക്കും സംയോജിത സംവിധാനത്തിലൂടെ ടിക്കറ്റ് എടുക്കാനാവും.

TAGS :

Next Story