Quantcast

2022 ലോകകപ്പ് ഫുട്ബോളിനായി പണിപൂര്‍ത്തിയാക്കിയ രണ്ടാം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്ത മാസം

മെയ് 16 ന് അമീര്‍ കപ്പ് ഫുട്ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ട് അല്‍ വക്ര സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

MediaOne Logo

Web Desk

  • Published:

    28 April 2019 6:13 PM GMT

2022 ലോകകപ്പ് ഫുട്ബോളിനായി പണിപൂര്‍ത്തിയാക്കിയ രണ്ടാം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം അടുത്ത മാസം
X

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ രണ്ടാം സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം അടുത്ത മാസം നടക്കും. മെയ് 16 ന് അമീര്‍ കപ്പ് ഫുട്ബോള്‍ ഫൈനലിന് ആതിഥ്യം വഹിച്ചുകൊണ്ടാണ് അല്‍ വക്ര സ്റ്റേഡിയം കായിക ലോകത്തിനായി തുറന്നുകൊടുക്കുക.

ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ അണിയിച്ചൊരുക്കുന്ന എട്ട് വേദികളിലൊന്നാണ് അല്‍വക്ര സ്റ്റേഡിയം. ലോകകപ്പിന് മൂന്നര വര്‍ഷം മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം പ്രഖ്യാപിച്ച് കായികപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ടൂര്‍ണമെന്‍റിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി. വരുന്ന മെയ് പതിനാറിന് ഖത്തര്‍ ആഭ്യന്തര ക്ലബ് ടൂര്‍ണമെന്‍റായ അമീര്‍ കപ്പിന്‍റെ ഫൈനലിന് ആതിഥ്യമരുളിയാണ് അല്‍ വക്ര സ്റ്റേഡിയം ഫുട്ബോളിനായി തുറന്നുകൊടുക്കുന്നത്.

റെക്കോര്‍ഡ് വേഗത്തിലാണ് സ്റ്റേഡിയത്തിന്‍റെ ടര്‍ഫ് സജ്ജമാക്കിയത്. നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്. ലോകകപ്പിന് ശേഷം സീറ്റുകള്‍ പകുതിയാക്കും. പൊളിച്ചുമാറ്റുന്ന സീറ്റുകള്‍ ദരിദ്ര രാജ്യങ്ങളിലെ സ്റ്റേഡിയങ്ങള്‍ക്ക് സംഭാവന ചെയ്യും. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് അല്‍ വക്രയില്‍ നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

സമുദ്രവ്യാപാരത്തിനും മുത്തുവാരാനും ഖത്തരികള്‍ ഉപയോഗിച്ചിരുന്ന ദൌ ബോട്ടിന്‍റെ രൂപത്തിലാണ് അല്‍ വക്ര സ്റ്റേഡിയം പണി കഴിപ്പിച്ചിരിക്കുന്നത്. 210 കോടി റിയാലാണ് നിര്‍മ്മാണച്ചിലവ്. പ്രമുഖ ഇറാഖി ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ സഹാ ഹാദിദാണ് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്തത്. ഉള്ളിലേക്ക് മടക്കാവുന്ന മേല്‍ക്കൂരയാണ് സ്റ്റേഡിയത്തിന്‍റെ മറ്റൊരു പ്രത്യേകത. അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയമാണ് ഈ വര്‍ഷം ജോലി പൂര്‍ത്തിയാകുന്ന മൂന്നാമത്തെ സ്റ്റേഡിയം.

TAGS :

Next Story