മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി ഖത്തര്‍ ഭരണകൂടം റമദാനെ വരവേറ്റു

ഖത്തറിലും മികച്ച സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി ഭരണകൂടം റമദാനെ വരവേറ്റു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ ഇഫ്താര്‍ ടെന്‍റുകളില്‍ നോമ്പുതുറക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷത്തെയും പോലെ ഇക്കുറിയും കുറ്റമറ്റ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് റമദാനിനായി ഖത്തര്‍ ഭരണകൂടം പൂര്‍ത്തിയാക്കിയത്. ജനതാമസമുള്ള എല്ലാ മേഖലകളിലും നാളെ മുതല്‍ അവസാന നോമ്പ് വരെ സൗജന്യ ഇഫ്താര്‍ ടെന്‍റുകള്‍ പ്രവര്‍ത്തിക്കും. റമദാന്‍ ഓഫറായി അഞ്ഞൂറില്‍ പരം അവശ്യവസ്തുക്കള്‍ക്ക് സര്‍ക്കാര്‍ വില കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചിട്ടുണ്ട്. ഹമദ് ആശുപത്രിയില്‍ അടിയന്തിര സേവനം പതിവു പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍ ഒപി വിഭാഗം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും
രാജ്യത്തെ പൗരന്മാര്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം സബ്സിഡി നിരക്കില്‍ ആടിനെ വിതരണം ചെയ്യുന്നുണ്ട്. പുതുതായി ഉദ്ഘാടനം ചെയ്ത ഖത്തര്‍ ദേശീയ മ്യൂസിയം റമദാനില്‍ പകല്‍ പ്രവര്‍ത്തിക്കില്ല. ഞായര്‍ മുതല്‍ ശനിവരെ രാത്രി എട്ട് മുതല്‍ അര്‍ദ്ധരാത്രി 12 വരെയായിരിക്കും പ്രദര്‍ശന സമയം. ജല, വൈദ്യുത വിതരണ രംഗത്ത് കുറ്റമറ്റ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജല വൈദ്യുത വിഭാഗമായ കഹ്റാമ അറിയിച്ചു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും റമദാന്‍ ആശംസകള്‍ നേര്‍ന്നു.
Adjust Story Font
16

