Quantcast

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ സ്റ്റേഡിയം അല്‍പ്പസമയത്തിനകം മിഴി തുറക്കും

MediaOne Logo

Web Desk

  • Published:

    17 May 2019 12:30 AM IST

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ സ്റ്റേഡിയം അല്‍പ്പസമയത്തിനകം മിഴി തുറക്കും
X

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ സ്റ്റേഡിയം അല്‍പ്പസമയത്തിനകം മിഴി തുറക്കും. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ് ഖത്തര്‍ അമീര്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റായ അമീര്‍ കപ്പിന്‍റെ ഫൈനലും ഇന്ന് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

ലോകകപ്പ് ഫുട്ബോളിന് ആതിഥ്യമരുളുകയെന്ന വലിയ സ്വപ്നത്തിലേക്ക് വളരെ വേഗം നടന്നടുക്കുകയാണ് ഖത്തര്‍. ലോകകപ്പിനായി സജ്ജമാക്കുന്ന എട്ട് മൈതാനങ്ങളില്‍ രണ്ടാമത്തേത് മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കി ഇന്ന് കായിക ലോകത്തിനായി സമര്‍പ്പിക്കും. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് അല്‍ വക്രയില്‍ നടക്കുക. നാല്‍പ്പതിനായിരം പേരെ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് സ്റ്റേഡിയത്തിന്‍റെ ഗാലറി നിര്‍മ്മിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വേഗത്തിലാണ് സ്റ്റേഡിയത്തിലെ പുല്‍ മൈതാനം വെച്ചുപിടിപ്പിച്ചത്. ഖത്തറിന്‍റെ പഴയ തലമുറ സമുദ്രവ്യാപാരത്തിനായും മുത്തുവാരലിനായും ഉപയോഗിച്ചിരുന്ന ദൌ ബോട്ടിന്‍റെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പന.

210 കോടി റിയാലാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണച്ചിലവ്. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് അല്‍ വക്ര സ്റ്റേഡിയത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രിമാര്‍, ഫിഫ പ്രതിനിധികള്‍, ഫുട്ബോള്‍ താരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാകും. തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഫുട്ബോള്‍ ടൂര്‍ണമെന്‍റായ അമീര്‍ കപ്പ് ഫുട്ബോളിന‍്രെ ഫൈനല്‍ മത്സരം നടക്കും. ഖത്തര്‍ സമയം രാത്രി പത്തേ മുപ്പതിനാണ് കിക്കോഫ്. അല്‍ സദ്ദ് അല്‍ ദുഹൈല്‍ ക്ലബുകള്‍ തമ്മിലാണ് ഫൈനല്‍ പോരാട്ടം. അല്‍ സദ്ദിനായി കളിക്കുന്ന സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം സാവി ക്ലബ് കരിയറിലെ അവസാന മത്സരം കളിക്കുന്നുവെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. ലോകകപ്പ് മൈതാനത്ത് പന്ത് തട്ടാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അല്‍ സദ്ദ് താരം കൂടിയായ ഖത്തര്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹസ്സന്‍ അല്‍ ഹൈദോസ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story