2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു

2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ് ഖത്തര്‍ അമീര്‍ കായിക ലോകത്തിനായി സമര്‍പ്പിച്ചത്.
ഉത്സവാന്തരീക്ഷത്തിലാണ് അല്‍ വക്ര സ്റ്റേഡിയം ഖത്തര്‍ ഫുട്ബോള്‍ ലോകത്തിനായി തുറന്നുകൊടുത്തത്. കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ഷോയുടെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ഖത്തറിന്റെ പാരമ്പര്യവും പുരോഗതിയും ഒപ്പം 2022 ലോകകപ്പ് ഫുട്ബോളിന്‍റെ ആതിഥേയത്വവുമെല്ലാം സ്റ്റേഡിയത്തില്‍ മനോഹരമായി വിരിഞ്ഞുനിന്നു. പിന്നാലെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗികമായി സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ, ഫുട്ബോള്‍ ഇതിഹാസങ്ങളായ റോബര്‍ട്ടോ കാര്‍ലോസ്, കഫു തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
നാല്‍പ്പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ ഉദ്ഘാടന ദിവസം ഒഴുകിയെത്തിയത് 38,678 പേരാണ്. ഖത്തറിന്‍റെ പഴയ തലമുറ സമുദ്രവ്യാപാരത്തിനായും മുത്തുവാരലിനായും ഉപയോഗിച്ചിരുന്ന ദൌ ബോട്ടിന്‍റെ ആകൃതിയിലാണ് സ്റ്റേഡിയത്തിന്‍റെ രൂപകല്‍പ്പന. 210 കോടി റിയാലാണ് സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണച്ചിലവ്. സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന അമീര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ അല്‍സദ്ദ് ക്ലബിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ദുഹൈല്‍ എഫ്സി അമീര്‍ കപ്പ് ചാംപ്യന്മാരായി. അല്‍ സദ്ദ് താരമായ സ്പാനിഷ് ഇതിഹാസം സാവി ഇതോടെ ഫുട്ബോളിന്‍റെ എല്ലാ തലങ്ങളില്‍ നിന്നും വിരമിച്ചു.
Adjust Story Font
16

