Quantcast

ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഖത്തറിലെത്തി

ഫലസ്തീന്‍ വിഷയം പരിഹരിക്കുന്നതിനായി അമേരിക്കന്‍ മധ്യസ്ഥതയില്‍ പുതിയ സമാധാന ഫോര്‍മുല കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് മഹ്മൂദ് അബ്ബാസിന്‍റെ സന്ദര്‍ശനം

MediaOne Logo

Web Desk

  • Published:

    21 May 2019 11:41 PM IST

ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഖത്തറിലെത്തി
X

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച്ചയാണ് മഹ്മൂദ് അബ്ബാസ് ദോഹയിലെത്തിയത്.

ഫലസ്തീന്‍ വിഷയം പരിഹരിക്കുന്നതിനായി അമേരിക്കന്‍ മധ്യസ്ഥതയില്‍ പുതിയ സമാധാന ഫോര്‍മുല കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് മഹ്മൂദ് അബ്ബാസിന്‍റെ സന്ദര്‍ശനം. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന അബ്ബാസ് വിഷയത്തില്‍ ഖത്തറിന്‍റെ അഭിപ്രായം ആരായും.

ഫോര്‍മുലയുടെ ഉള്ളടക്കം ഇതുവരെ അമേരിക്ക പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി ഫലസ്തീനികള്‍ അംഗീകരിക്കണമെന്ന വ്യവസ്ഥ ഫോര്‍മുലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്ത ഒരു ഇസ്രയേല്‍ മാധ്യമം വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഒപ്പം നില്‍ക്കുന്നവരുടെ മനസ്സറിയുക കൂടിയാണ് മഹ്മൂദ് അബ്ബാസിന്‍റെ ലക്ഷ്യം. ഫലസ്തീനെതിരെ, ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയിലും മറ്റ് ലോക വേദികളിലുമെല്ലാം ശക്തമായ പ്രതിഷേധ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചുവരുന്നത്.

അറബ് മേഖലയില്‍ ഫലസ്തീന്‍റെ ഏറ്റവും വലിയ സഹായിയും ഖത്തറാണ്. രാഷ്ട്രീയ പിന്തുണ കൂടാതെ വലിയ സാമ്പത്തിക സഹായവും ഖത്തര്‍ ഫലസ്തീന് നല്‍കി വരുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് വന്‍ ധനസഹായമാണ് റംസാന്‍റെ ഭാഗമായി ഖത്തര്‍ ഫലസ്തീന് പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമെ ഗസയിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവിതരണത്തിനുമൊക്കെയായി വന്‍ തുകയാണ് ഖത്തര്‍ ഫലസ്തീന് നല്‍കി വരുന്നത്.

TAGS :

Next Story