Quantcast

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ വരുന്നു

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഇതിനകം ഖത്തര്‍ വിസ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    15 Jun 2019 12:23 AM IST

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ വരുന്നു
X

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ വിസാ സെന്‍ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്താനൊരുങ്ങി ഖത്തര്‍ ആഭ്യന്തര വകുപ്പ്.

വീട്ടുജോലിക്കാര്‍, ഹൌസ് ഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസയില്‍ ജോലി ലഭിക്കുന്നവരുടെ വിസാ നടപടിക്രമങ്ങളും ഈ സെന്‍ററുകളിലും പൂര്‍ത്തിയാക്കാനാകും.

ഖത്തറില്‍ ജോലി ലഭിക്കുന്ന വിദേശികള്‍ക്ക് മാതൃരാജ്യത്ത് വെച്ച് തന്നെ വിസാ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ വിസാ സേവന കേന്ദ്രങ്ങള്‍ ആരംഭിച്ചത്.

നിലവില്‍ സ്വകാര്യ മേഖലയിലേക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിസാ നടപടിക്രമങ്ങള്‍ മാത്രമാണ് ഈ സെന്‍ററുകള്‍ വഴിപൂര്‍ത്തീകരിച്ചിരുന്നത്. എന്നാല്‍ ഗാര്‍ഹിക വിസക്കാര്‍ക്കുള്ള സേവനങ്ങള്‍ കൂടി ഇത്തരം സെന്‍ററുകളില്‍ ഉള്‍പ്പെടുത്താനാണ് ഖത്തര്‍ ആഭ്യന്തര ഭരണകൂടത്തിന്‍റെ തീരുമാനം.

ഇതോടെ വീട്ടുജോലിക്കാരായും ഹൌസ് ഡ്രൈവര്‍മാരായും ജോലി ലഭിക്കുന്നവരുടെ കൂടി വിസാ നടപടിക്രമങ്ങള്‍ മാതൃ രാജ്യങ്ങളിലെ വിസാ സേവനകേന്ദ്രങ്ങള്‍ വഴി പൂര്‍ത്തീകരിക്കാം. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിസാ സേവന വിഭാഗം ഡയറക്ടര്‍ അബ്ദുള്ള ഖലീഫ അല്‍ മുഹന്നദി വ്യക്തമാക്കി.

വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും ക്യൂവിസി വഴി പൂര്‍ത്തീകരിക്കാനാകും. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ പൂര്‍ണമേല്‍നോട്ടത്തിലാണ് സെൻററുകളിലെ ആരോഗ്യപരിശോധന. അംഗീകാരത്തിനുള്ള മേല്‍നോട്ടം വിദേശകാര്യമന്ത്രാലയത്തിനായിരിക്കും.

സ്വകാര്യ മേഖലയില്‍ പ്രവാസിതൊഴിലാളികള്‍ക്കായി 30,000ലധികം വിസകള്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. അര്‍ധസര്‍ക്കാര്‍ മേഖലയിലും വിസ അനുവദിക്കുന്നുണ്ട്. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളിലാണ് ഖത്തര്‍ വിസാ സേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും ഇതിനകം ഖത്തര്‍ വിസ സെൻററുകള്‍ തുറന്നിട്ടുണ്ട്. ഫിലിപ്പൈന്‍സ്, ടുണീഷ്യ, ഇന്തോനേഷ്യ എന്നിവയ്ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയയിലും എത്യോപ്യയിലും കൂടി കേന്ദ്രങ്ങള്‍ തുറക്കാനും ഖത്തറിന് പദ്ധതിയുണ്ട്.

TAGS :

Next Story