യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ച ഖത്തറില്‍ പുനരാരംഭിച്ചു
യു.എസ് നേതൃത്വത്തിലുള്ള നാറ്റോ ദൗത്യത്തിന്റെ ഭാഗമായി 14,000 യു.എസ് സൈനികർ ഉൾപ്പെടെ 17,000 വിദേശ സൈനികർ 2001 മുതല്‍ അഫ്ഗാനിസ്ഥാനിലാണ്.

യു.എസ് - താലിബാന്‍ സമാധാന ചര്‍ച്ച ദോഹയില്‍ പുനരാരംഭിച്ചു. ഏഴാം റൌണ്ട് ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഏറെ സാധ്യതകള്‍ തെളിയുന്നതായാണ് വിലയിരുത്തല്‍. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടക്കുന്ന യു.എസ് താലിബാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഏഴാം റൌണ്ടിനാണ് ദോഹയില്‍ തുടക്കമായത്.

അമേരിക്ക നിയോഗിച്ച പ്രത്യേക സമാധാന ദൂതന്‍ സാല്‍മെയ് ഖലില്‍സാദിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാന്‍ മണ്ണ് വിടുന്നതിനുള്ള തിയതി കാണല്‍, ആഭ്യന്തര അന്താരാഷ്ട്ര തലങ്ങളിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കല്‍ എന്നിവയാണ് പുതിയ റൌണ്ട് ചര്‍ച്ചകളില്‍ പ്രധാന അജണ്ടകള്‍.
കഴിഞ്ഞ മാസം അവസാനിച്ച ആറാം റൌണ്ടില്‍ ഈ രണ്ട് വിഷയങ്ങളിലും ഏറെക്കുറെ ധാരണയായെങ്കിലും അന്തിമ തീരുമാനത്തിലേക്കെത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് സമാധാന ദൂതന്‍ സല്‍മെയ് ഖലീല്‍സാദ് യു.എസ് താലിബാന്‍ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗവും ദോഹയില്‍ വീണ്ടും ചര്‍ച്ചയ്ക്കെത്തിയത്.

പുതിയ ഘട്ട ചര്‍ച്ചയില്‍ വേഗത്തിലുള്ള പുരോഗതി ആവശ്യമാണെന്ന് സല്‍മെയ് ഖലില്‍സാദ് ട്വിറ്ററില്‍ കുറിച്ചു. സെപ്തംബർ ഒന്നിനകം താലിബാനുമായി സമാധാന ഉടമ്പടിയിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രസ്താവനയും പ്രതീക്ഷ പകരുന്നു.
യു.എസ് നേതൃത്വത്തിലുള്ള നാറ്റോ ദൗത്യത്തിന്റെ ഭാഗമായി 14,000 യു.എസ് സൈനികർ ഉൾപ്പെടെ 17,000 വിദേശ സൈനികർ 2001 മുതല്‍ അഫ്ഗാനിസ്ഥാനിലാണ്. ഈ സൈനികരെ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് താലിബാന്‍റെ ആവശ്യം

എന്നാല്‍ അഫ്ഗാൻ പ്രദേശം അന്താരാഷ്ട്ര "തീവ്രവാദ" ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത് തടയാൻ താലിബാൻ പ്രതിജ്ഞാബദ്ധമാകുന്നതുവരെ സൈനികരെ പിൻവലിക്കില്ലെന്നായിരുന്നു അമേരിക്കന്‍ നിലപാട്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് താലിബാന്‍ തയ്യാറാകത്തതും പ്രശ്നങ്ങള്‍ വഷളാക്കുന്നു.
Adjust Story Font
16

