ലോകകപ്പ് നിര്‍മാണ തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ റിക്രൂട്ട്മെന്‍റ് ഫീസ് തിരിച്ച് നല്‍കാന്‍ ഖത്തര്‍
തൊഴിലാളികളില്‍ നിന്നും റിക്രൂട്ട്മെന്‍റ് ഫീസ് ഈടാക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്.

2022 ഫിഫ ലോകകപ്പ് പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളോട് കരാറുകാര്‍ ഈടാക്കിയ റിക്രൂട്ട്മെന്‍റ് ഫീസ് തിരിച്ചുനല്‍കാന്‍ നടപടികളെടുത്തതായി ഖത്തര്‍. തൊഴിലാളികള്‍ നല്‍കിയ 25 മില്യണ്‍ ഡോളറിലധികം വരുന്ന തുകയാണ് കരാറുകാര്‍ തിരിച്ചു നല്‍കുക.
തൊഴിലാളികളില്‍ നിന്നും റിക്രൂട്ട്മെന്‍റ് ഫീസ് ഈടാക്കുന്നത് ഖത്തറില്‍ നിയമവിരുദ്ധമാണ്. ഇത് ലംഘിച്ചുകൊണ്ടാണ് 160 ഓളം വരുന്ന സ്വകാര്യ കരാറുകാര്‍ ലോകകപ്പ് പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായെത്തിയ വിവിധ രാജ്യക്കാരായ തൊഴിലാളികളോട് റിക്രൂട്ട്മെന്‍റ് ഫീസ് ഈടാക്കിയതായി കണ്ടെത്തിയത്.
ഈ തുക തിരിച്ചുനല്‍കാനായി കരാറുകാര്‍ സമ്മതിച്ചതായി 2022 ലോകകപ്പ് ഫുട്ബോളിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി ട്വിറ്റര് പേജിലൂടെ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും സുപ്രീംകമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്.
ലോകകപ്പ് ഇതര പദ്ധതികളിലേര്‍പ്പെട്ട പതിനാറായിരത്തി അഞ്ഞൂറ് തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ഫീസും കരാറുകാര്‍ തിരികെ നല്‍കും. നിയമവിരുദ്ധമായിരുന്നിട്ടും നിരവധി തൊഴിലാളികളാണ് ഖത്തറിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യങ്ങളിൽ വെച്ച് റിക്രൂട്ട്‌മെന്റ് ഫീസ് അടയ്ക്കാൻ നിർബന്ധിതരായത്.
തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ഫീസ് വഹിക്കേണ്ടത് കരാറുകാര്‍ തന്നെയാണ്. വിവിധങ്ങളായ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് കയറിയവര്‍ ഈ പ്രശ്നം നേരിടേണ്ടി വന്നു. എന്നാല്‍ കരാറുകാരുമായുള്ള തുറന്ന ചര്‍ച്ചകളിലൂടെ ഈ ആഗോള പ്രശ്നത്തില്‍ അതിവേഗം പരിഹാരം കാണാന്‍ തങ്ങള്‍ക്കായെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി തൊഴിലാളി ക്ഷേമകാര്യ ഡയറക്ടര്‍ മുഹമ്മദ് ഖുതുബ് പറഞ്ഞു.
തൊഴിലാളികള്‍ക്കായി ഒരു പരാതി പരിഹാര സെല്ലും സുപ്രീം കമ്മിറ്റിക്ക് കീഴില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം വെച്ചുള്ള പോഷകാഹാര പദ്ധതിയായ വെയില്‍ കോര്‍ണര്‍ മെഡിസിനും പ്രവര്‍ത്തിക്കുന്നു.
സ്റ്റേഡിയം നിര്‍മ്മാണ തൊഴിലാളികള്‍ക്കായി വിവിധ കമ്പനികളുടെ സഹകരണത്തോടെ സുപ്രീം കമ്മിറ്റി നിര്‍മ്മിച്ച ശീതീകരണ വസ്ത്രം നേരത്തെ ആഗോള ശ്രദ്ധയും പ്രശംസയും നേടിയിരുന്നു
Adjust Story Font
16

