Quantcast

മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രമേഹ രോഗ പ്രതിരോധ ഗവേഷണ പദ്ധതി ഖത്തറില്‍  

MediaOne Logo

Web Desk

  • Published:

    23 July 2019 8:03 AM IST

മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രമേഹ രോഗ പ്രതിരോധ ഗവേഷണ പദ്ധതി ഖത്തറില്‍  
X

മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രമേഹ രോഗ പ്രതിരോധ ഗവേഷണ പദ്ധതി ഉടന്‍ ഖത്തറില്‍ ആരംഭിക്കും. പൊതുജനാരോഗ്യ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഖത്തര്‍ ഫൌണ്ടേഷന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഖത്തറിലെ പ്രായപൂര്‍ത്തിയായവരുടെ ജനസംഖ്യയില്‍ 17 ശതമാനം പേരും പ്രമേഹബാധിതരാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. പ്രമേഹ രോഗികളുടെ എണ്ണം അപകടരമാം വിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പുതിയ പ്രതിരോധ ഗവേഷണ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഖത്തര്‍ ഡയബറ്റിസ് പ്രിവന്‍ഷന്‍ പ്രോഗ്രാം എന്ന പദ്ധതി ജി.സി.സി മേഖലയിലെ ഏറ്റവും വലിയ പ്രമേഹരോഗ പ്രതിരോധ പ്രവര്‍ത്തനമാണ്. പ്രമേഹം കണ്ടെത്താനും പ്രതിരോധിക്കാനും ഇല്ലാതാക്കാനും വേണ്ടിയുള്ള മികച്ച മാര്‍ഗങ്ങള്‍ തിരിച്ചറിയുകയെന്നതാണ് ഈ ഗവേഷണ പരിപാടി ലക്ഷ്യമിടുന്നത്. ഖത്തര്‍ ഭരണകൂടത്തിന് കീഴിലെ ആരോഗ്യ വിദ്യാഭ്യാസ ഗവേഷണ വകുപ്പുകള്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ജനങ്ങളെ എങ്ങനെയാണ് പ്രമേഹം പിടികൂടുന്നത്, രോഗത്തിന്‍റെ വളര്‍ച്ച, ഗുരുതരാവസ്ഥ എന്നിവയെ കുറിച്ചെല്ലാം ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ഗവേഷണം നടത്തും. രോഗത്തിന്‍റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ശാരീരികതലങ്ങളും പഠനത്തിന്‍റെ ഭാഗമാകും. രോഗികളില്‍ പ്രമേഹത്തിന് മുമ്പുള്ള ജനിതക തന്മാത്രാ ഘടകങ്ങളെ തിരിച്ചറിയും. വ്യത്യസ്ത പ്രോജക്ടുകളായാണ് പദ്ധതി നടപ്പാക്കുക. ഗര്‍ഭാവസ്ഥയില്‍ തന്നെ പ്രമേഹ സാധ്യതയെ തടയുന്നതും ഗവേഷണത്തിന്‍റെ ഭാഗമാണ്.

പ്രമേഹം തടയുന്നതിനായി ജീവിത ശൈലികളില്‍ വരുത്തേണ്ട മാറ്റങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഇ ഹെല്‍ത്ത് ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നതും പ്രോജക്ടിന്‍റെ ഭാഗമാണ്. ലണ്ടനിലെ കിങ്സ് കോളേജ്, ഇംപീരിയല്‍ കോളേജ്, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി, തുടങ്ങി വിഖ്യാത കേന്ദ്രങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ദ്ധര്‍ പഠനത്തിന്‍റെ ഭാഗമാകും. അടുത്ത വര്‍ഷം ആദ്യത്തോടെ പദ്ധതിയുടെ പ്രാരംഭഘട്ടത്തിന് തുടക്കമാകും.

TAGS :

Next Story