Quantcast

ഖത്തറിന്റെ ഈ അഭയകേന്ദ്രം മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് ഒരു കൈത്താങ്ങ്

ലോക മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തിന്‍റെ ഭാഗമായാണ് ഖത്തര്‍ പുതിയ അഭയകേന്ദ്രം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    1 Aug 2019 7:31 AM IST

ഖത്തറിന്റെ ഈ അഭയകേന്ദ്രം മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് ഒരു കൈത്താങ്ങ്
X

മനുഷ്യക്കടത്തിന് ഇരകളായി രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാനായി ഖത്തറില്‍ പുതിയ അഭയകേന്ദ്രം തുടങ്ങുന്നു. ഇത്തരം ആളുകള്‍ക്ക് നീതി ലഭിക്കുന്നത് വരെ താമസവും ഭക്ഷണവുമുള്‍പ്പെടെയുള്ള സംരക്ഷണം ഈ അഭയകേന്ദ്രം വഴി നല്‍കും. ഈ വര്‍ഷാവസാനത്തോടെ കേന്ദ്രം പ്രവ‍ര്‍ത്തനസജ്ജമാകും.

ലോക മനുഷ്യക്കടത്ത് വിരുദ്ധദിനാചരണത്തിന്‍റെ ഭാഗമായാണ് ഖത്തര്‍ പുതിയ അഭയകേന്ദ്രം പ്രഖ്യാപിച്ചത്. മനുഷ്യക്കടത്തിന് ഇരയായി ഖത്തറിലെത്തുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കല്‍, നല്ല ജീവിതമൊരുക്കല്‍, സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കല്‍ തുടങ്ങിയ സേവനങ്ങളാണ് ഈ കേന്ദ്രം വഴി നല്‍കുക.

ലോക മനുഷ്യക്കടത്ത് വിരുദ്ധദിനമായിരുന്ന ചൊവ്വാഴ്ച്ച ദോഹയില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ സാമുഹ്യക്ഷേമമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയും മനുഷ്യക്കടത്തിനെ നേരിടാനുള്ള ദേശിയ സമിതിയുടെ സെക്രട്ടറിയുമായ മുഹമ്മദ് ഹസ്സന്‍ അല്‍ ഉബൈദലിയാണ് ഇക്കാര്യമറിയിച്ചത്. അല്‍ മാമൂറയില്‍ സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രത്തില്‍ ആറ് വില്ലകളാണുണ്ടാവുക. ഓരോ വില്ലയിലും 52 പേര്‍ക്ക് താമസിക്കാനുള്ള ഇടമുണ്ട്. ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി, ഖത്തര്‍ ചാരിറ്റി തുടങ്ങി സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ ഈ വര്‍ഷാവസാനത്തോടെ ഈ കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

റെഡ് ക്രസന്‍റ് സൊസൈറ്റി അഭയകേന്ദ്രത്തിന് വേണ്ട ദൈനംദിന കാര്യങ്ങള്‍ നടത്തുമ്പോള്‍ ഖത്തര്‍ ചാരിറ്റി ഇതിന് വേണ്ട ഫണ്ട് നല്‍കും. ആറ് വില്ലകളില്‍ ഒന്ന് ഇതിനകം തയ്യാറായിട്ടുണ്ട്. ബാക്കി അഞ്ചെണ്ണം വരുന്ന ഡിസംബറിന് മുന്നോടിയായി പ്രവര്‍ത്തനസജ്ജമാകും. രണ്ട് വില്ലകള്‍ പുരുഷന്മാര്‍ക്കും രണ്ട് വില്ലകള്‍ സ്ത്രീകള്‍ക്കും നല്‍കും. ഭക്ഷണത്തിനും മറ്റ് സൌകര്യങ്ങളൊരുക്കുന്നതിനുമായി ഒരു വില്ല മാറ്റിവെക്കും. ഇത്തരത്തില്‍ രാജ്യത്തെത്തുന്നവരെ കണ്ടെത്തുന്നതിനും കേന്ദ്രത്തിലെത്തിക്കുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിന് ഇരയായവര്‍ക്ക് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ വെബ്സൈറ്റ് വഴിയോ സാധാരണ ക്രിമിനല്‍ പരാതി സമര്‍പ്പിക്കുന്ന സുരക്ഷാ വകുപ്പ് വഴിയോ പരാതി സമര്‍പ്പിക്കാം. ഓരോരുത്തര്‍ക്കും നീതി ലഭിക്കുന്നത് വരെ ഈ കേന്ദ്രത്തില്‍ താമസിക്കാം. റിക്രൂട്ട്മെന്‍റ് കമ്പനികളാലും വ്യക്തികളാലും പൂര്‍ണമായും കബളിപ്പിക്കപ്പെട്ടവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള സൌകര്യവും കേന്ദ്രം വഴിയൊരുക്കും

TAGS :

Next Story