നെടുമ്പാശ്ശേരി - ദോഹ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
ടിക്കറ്റെടുത്ത യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ 40230000 എന്ന നമ്പറിലുള്ള 24 മണിക്കൂര്‍ കോള്‍ സെന്‍ററുമായി ബന്ധപ്പെടണമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു

ദോഹയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പതിനൊന്നാം തിയതി വരെ നിര്‍ത്തിവെച്ചതായി വിവിധ വിമാനക്കമ്പനികള്‍ അറിയിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസിന്‍റെ കൊച്ചി സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും.
ഖത്തര്‍ എയര്‍വേയ്സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യാ എക്സ്പ്രസ് തുടങ്ങി വിമാനക്കമ്പനികളാണ് പതിനൊന്ന് ഞായര്‍ വരെ നെടുമ്പാശ്ശേരിയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചത്. പ്രളയവും പേമാരിയും കാരണം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനാലാണിതെന്ന് വിവിധ വിമാനക്കമ്പനികള്‍ വ്യക്തമാക്കി.
ടിക്കറ്റെടുത്ത യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സിന്‍റെ 40230000 എന്ന നമ്പറിലുള്ള 24 മണിക്കൂര്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണമെന്ന് ഖത്തര്‍ എയര്‍വേയ്സ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
ഓഗസ്റ്റ് 9 മുതല്‍ പതിനൊന്ന് വരെ ടിക്കറ്റെടുത്ത ഇന്‍ഡിഗോ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയോ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയോ ചെയ്യാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിന് പ്രത്യേക ചാര്‍ജ്ജ് ഈടാക്കുന്നതല്ല.
അതേസമയം, എയര്‍ ഇന്ത്യാ എക്സ്പ്രസ് തങ്ങളുടെ കൊച്ചി സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ 2.15 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം രാവിലെ 6.20ന് തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുമെന്നാണ് എയര്‍ഇന്ത്യയുടെ അറിയിപ്പ്.
കൊച്ചിയില്‍ നിന്നും ശനിയാഴ്ച രാത്രി 11.30ന് ദോഹയിലേക്ക് പുറപ്പെടേണ്ട വിമാനം തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 3.30ന് പുറപ്പെടും. സൌജന്യ നിരക്കില്‍ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനും എയര്‍ഇന്ത്യ സൌകര്യമൊരുക്കിയിട്ടുണ്ട്.
Adjust Story Font
16

