Quantcast

ഖത്തറില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം നടത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്തു

MediaOne Logo

Web Desk 8

  • Published:

    19 Aug 2019 12:34 AM IST

ഖത്തറില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം നടത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്തു
X

ഖത്തറില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം നടത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്തു. ശമ്പള വിതരണത്തില്‍ വീഴ്ച്ച വരുത്തിയ കമ്പനി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ നാലിന് ഖത്തറിലെ ശഹാനിയയില്‍ രണ്ട് കമ്പനികളില്‍ നിന്നുള്ള തൊഴിലാളികള്‍ സമാധാനപരമായ സമരത്തിനിറങ്ങിയത്. ഉടന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ സമരത്തിനിറങ്ങിയ തൊഴിലാളികളെ പിന്തിരിപ്പിക്കുകയും വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് കമ്പനികളിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്. മുഴുവന്‍ തൊഴിലാളികളുടെയും ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ത്തതായും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ സംവിധാനമായ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം മുഖേനയാണ് ശമ്പളം കൊടുത്തുതീര്‍ത്തത്.

ഈ രണ്ട് കമ്പനികളില്‍ നിന്നും തൊഴില്‍ മാറാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സഹായങ്ങളൊരുക്കുമെന്നും ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു. ശമ്പളം മുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന തൊഴിലാളികള്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ സര്‍വീസ് സെന്‍ററിലോ പരാതി സെല്ലിലോ പരാതി നല്‍കേണ്ടതാണ്. തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന കമ്പനികളെ കണ്ടെത്താന്‍ കുറ്റമറ്റ രീതിയിലുള്ള പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ജി.സി.ഒ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Next Story