പുതിയ അധ്യയന വര്‍ഷം ഖത്തറില്‍ ഫീസ് വര്‍ധന
128 സ്കൂളുകളാണ് പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത്

ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം 29 സ്കൂളുകളില്‍ ഫീസ് വര്‍ധിക്കും. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയാണ് ഫീസ് വര്‍ധന. ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അലി അല്‍ഹമ്മാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
128 സ്കൂളുകളാണ് പുതിയ അധ്യയന വര്‍ഷം ഫീസ് വര്‍ധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 29 സ്കൂളുകളുടെ അപേക്ഷകള്‍ മന്ത്രാലയം അംഗീകരിച്ചു. ഈ സ്കൂളുകളില്‍ അഞ്ചു മുതല്‍ ഏഴു ശതമാനം വരെ ഫീസ് വര്‍ധനവിനാണ് അനുമതി.
നവാഗതര്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലായി 3.15ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷം സ്കൂളിലെത്തിയത്. അനുവദിച്ചിരിക്കുന്ന സീറ്റുകള്‍ പൂര്‍ണമായും നിറയുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം 3.23ലക്ഷത്തിലധികമാകും.
സര്‍ക്കാര്‍ മേഖലയില്‍ 208 സ്കൂളുകളിലായി 1,15,078 വിദ്യാര്‍ഥികളാണുള്ളത്. 68 കെ.ജി സ്കൂളുകളിലായി 8,173 വിദ്യാര്‍ഥികളാണുള്ളത്. അഞ്ചു പുതിയ സ്കൂളുകളിലായി 3168 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.
പ്രത്യേക ആവശ്യം അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടു പുതിയ സ്കൂളുകളും പ്രവര്‍ത്തനം തുടങ്ങി. സര്‍ക്കാര്‍ മേഖലയില്‍ 14,218 അധ്യാപകരാണുള്ളത്. സ്വകാര്യ സ്കൂളുകളില്‍ നിന്നും 3622 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറിയിട്ടുണ്ട്. പബ്ലിക് സ്കൂളുകളിലെ കെജിയില്‍ 3293 വിദ്യാര്‍ഥികളും ഒന്നാം ഗ്രേഡില്‍ 1688 വിദ്യാര്‍ഥികളും പ്രവേശനം നേടി.
സ്വകാര്യ മേഖലയില്‍ 310 സ്കൂളുകളും കിൻറര്‍ഗാര്‍ട്ടനുകളുമുണ്ട്. ഈ സ്കൂളുകളിലും കെ.ജിയിലുമായി രണ്ടുലക്ഷം വിദ്യാര്‍ഥികളാണുള്ളത്. 25 പുതിയ സ്കൂളുകളിലും കെജിയിലുമായി 15,000 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 9,000 വിദ്യാര്‍ഥികള്‍ ഇതിനോടകം പ്രവേശനം നേടിയിട്ടുണ്ട്.
മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അണ്ടര്‍ സെക്രട്ടറി ഡോ.ഇബ്രാഹിം ബിന്‍ സാലിഹ് അല്‍നുഐമി, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റൻറ് അണ്ടര്‍സെക്രട്ടറി ഫൗസിയ അബ്ദുല്‍ അസീസ് അല്‍ഖാതിര്‍, മറ്റു അസിസ്റ്റൻറ് അണ്ടര്‍സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Adjust Story Font
16

