ഒരു ദിവസംകൊണ്ട് കപ്പലിറങ്ങിയത് പതിനായിരം പേര്‍; ദോഹ തുറമുഖത്തിന് റെക്കോര്‍ഡ്
ഒറ്റ ദിവസം ഇത്രയും സഞ്ചാരികളെ ദോഹ തുറമുഖം സ്വീകരിക്കുന്നത് ഇതാദ്യമായാണ്

ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കാര്യത്തില്‍ ദോഹ തുറമുഖത്തിന് പുതിയ റെക്കോര്‍ഡ്. രണ്ട് ആഡംബര കപ്പലുകളിലായി പതിനായിരം സഞ്ചാരികളെയാണ് ഇന്നലെ മാത്രം ദോഹ തുറമുഖം സ്വീകരിച്ചത്.
അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജ്വല്‍ ഓഫ് ദ സീസ്, ഇറ്റാലിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റ ഡയാഡമ എന്നീ ആഡംബര കപ്പലുകളാണ് ബുധനാഴ്ച ദോഹ തുറമുഖത്ത് നങ്കൂരമിട്ടത്. മൊത്തം പതിനായിരം സഞ്ചാരികളാണ് രണ്ട് കപ്പലുകളിലുമായി ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്.
ഒറ്റ ദിവസം ഇത്രയും സഞ്ചാരികളെ ദോഹ തുറമുഖം സ്വീകരിക്കുന്നത് ഇതാദ്യമായാണ്. രണ്ട് കപ്പലുകളും ഇത് രണ്ടാം തവണയാണ് ദോഹയിലെത്തുന്നത്. 2019-20 ക്രൂയിസ് സീസണിന്‍റെ ഭാഗമായാണ് രണ്ട് കപ്പലുകളുടെയും സന്ദര്‍ശനം. ഇതോടെ ഏറ്റവും തിരക്കേറിയ സീസണാണ് ദോഹ തുറമുഖത്തിനിത്.
സമുദ്രസഞ്ചാര ടൂറിസത്തില്‍ ഖത്തര്‍ ടൂറിസം കൊണ്ടുവന്ന നിരവധി പദ്ധതികളും സൌകര്യങ്ങളുമാണ് രാജ്യത്തേക്ക് കൂടുതല്‍ ആഡംബര കപ്പലുകളെയും സന്ദര്‍ശകരെയും എത്തിക്കാന്‍ ഇടയാക്കിയത്. സമുദ്രയാത്ര വഴി രാജ്യത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 121 ശതമാനത്തിന്‍റെ വര്‍ധനവാണ് ഖത്തര്‍ ദേശീയ ടൂറിസം അതോറിറ്റി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത്.
44 ആഡംബര കപ്പലുകളിലായി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയത്. ഈ വര്‍ഷം മൊത്തം 74 കപ്പലുകളെയും അതില്‍ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം സന്ദര്‍ശകരെയുമാണ് ദോഹ പ്രതീക്ഷിക്കുന്നത്.
Adjust Story Font
16

