Quantcast

എക്സ്പാറ്റ് സ്പോര്‍ട്ടീവിന് ദോഹയില്‍ ആവേശകമായ തുടക്കം 

കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, കോല്‍ക്കളി, വിവിധ അറബ് നൃത്തങ്ങള്‍ തുടങ്ങിയവ കാണികളുടെ മനം കവര്‍ന്നു. 

MediaOne Logo

Web Desk

  • Published:

    9 Feb 2020 2:31 PM IST

എക്സ്പാറ്റ് സ്പോര്‍ട്ടീവിന് ദോഹയില്‍ ആവേശകമായ തുടക്കം 
X

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായിക മേളകളിലൊന്നായ എക്സ്പാറ്റ് സ്പോര്‍ട്ടീവിന് ദോഹയില്‍ ആവേശകമായ തുടക്കം. വിവിധ ടീമുകള്‍ അണിയിച്ചൊരുക്കിയ വര്‍ണാഭമായ ഘോഷയാത്ര മേളയെ ശ്രദ്ധേയമാക്കി. വരുന്ന പതിനൊന്നിനാണ് രണ്ടാം ദിന മത്സരങ്ങള്‍ നടക്കുക.

ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തര്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന എക്സ്പാറ്റ് സ്പോര്‍ട്ടീവ് കായിക മേളയുടെ നാലാമത് എഡിഷനിനാണ് ദോഹയില്‍ തുടക്കമായത്. മേളയില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍ അണിയിച്ചൊരുക്കിയ ഹൃദ്യവും വര്‍ണാഭവുമായ ഘോഷയാത്ര ഉദ്ഘാടന ദിവസത്തെ ശ്രദ്ധേയമാക്കി. ഖത്തറിന്റെ കായിക മേഖലയിലെ വളര്‍ച്ചയും ഇന്തോ ഖത്തര്‍ കലാസാംസ്കാരിക വൈവിധ്യങ്ങളും സൌഹൃദ ചിഹ്നങ്ങളുമെല്ലാം പ്ലോട്ടുകളും ആവിഷ്കാരങ്ങളുമായി മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു.

കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന, കോല്‍ക്കളി, വിവിധ അറബ് നൃത്തങ്ങള്‍ തുടങ്ങിയവ കാണികളുടെ മനം കവര്‍ന്നു. മുഖ്യാതിഥിയും ഇന്ത്യന്‍ ദേശീയ ഹൈജംപ് താരവുമായ ജിഷ്ന മോഹന്‍ മാര്‍ച്ച് പാസ്റ്റിന് നേതൃത്വം നല്‍കി. വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഷീമ മുഹ്സിന്‍ സല്യൂട്ട് സ്വീകരിച്ചു. ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ ആക്ടിങ് സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അല്‍ ദോസരി, മുഖ്യപ്രായോജകരായ അസീം ടെക്നോളജീസ് സി.ഇ.ഒ ഷഫീഖ് കബീര്‍ എന്നിവരില്‍ നിന്നും ജിഷ്ന മോഹനും എക്സ്പാറ്റ് സ്പോര്‍ട്ടീവ് ജനറല്‍ കണ്‍വീന‍ര്‍ തസീന്‍ അമീനും ചേര്‍ന്ന് മേളയുടെ ദീപശിഖ സ്വീകരിച്ചു. ഖത്തര്‍ 2022 ലോകകപ്പിനുള്ള ഐക്യദാര്‍ഡൃമായി എട്ട് സ്റ്റേഡിയങ്ങളുടെ മോഡലുകള്‍ മുഖ്യാതിഥികള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ഖത്തര്‍ റെഡ് ക്രസന്റ് വളണ്ടിയര്‍ ആന്റ് ലോക്കല്‍ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുന ഫദല്‍ അല്‍ സുലൈത്തി, ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എസ്.ആര്‍.എച്ച് ഫഹ്മി എന്നിവരുടെ സാന്നിധ്യവും ഉദ്ഘാടനച്ചടങ്ങിനെ ശ്രദ്ധേയമാക്കി. കള്‍ച്ചറല്‍ ഫോറം സംസ്ഥാന അധ്യക്ഷന്‍ താജ് ആലുവ ആമുഖ പ്രഭാഷണംനടത്തി. വിവിധ സംഘടനാ നേതാക്കള്‍, കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. ആവേശകരമായ മാര്‍ച്ച് പാസ്റ്റില്‍ യൂത്ത് ഫോറം ഖത്തര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓട്ടം, ഹൈജംപ്, ലോങ് ജംപ്, പുരുഷന്മാരുടെ കമ്പവലി, ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, വോളിബോള്‍ തുടങ്ങി മത്സരങ്ങളും ആദ്യ ദിനം നടന്നു. ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി പതിനൊന്നിനാണ് ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക.

TAGS :

Next Story