കോവിഡിനെതിരായ പോരാട്ടം;കൈമെയ് മറന്ന് ഖത്തര്‍
രോഗികള്‍ക്ക് സഹായങ്ങളെത്തിക്കാന്‍ സ്വദേശികളും വ്യവസായികളും ഭക്ഷണവും താമസയിടങ്ങളും സൌജന്യമായി നല്‍കും

ആപത്ത് വരുമ്പോള്‍ ഒരുമിച്ച്, ഒറ്റക്കെട്ടായി നിന്നാല്‍ വിജയം സുനിശ്ചിതമെന്ന് നേരത്തെയും ഖത്തരി സമൂഹം തെളിയിച്ചതാണ്. ഈ കൊറോണക്കാലത്തും ഖത്തറിലെ കാഴ്ച്ചകള്‍ ഭിന്നമല്ല.
രോഗം ബാധിച്ച തങ്ങളുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും താങ്ങാകാനുമായി നിരവധി സ്വദേശി ബിസിനസ്സുകാരും വ്യവസായ സ്ഥാപനങ്ങളുമാണ് മുന്നോട്ടുവന്നിട്ടുള്ളത്. താമസകേന്ദ്രങ്ങളും സ്ഥാപനങ്ങളും ഭക്ഷ്യവസ്തുക്കളുമടക്കം ആവശ്യമുള്ളതെല്ലാം സൌജന്യമായി നല്‍കാന്‍ സന്നദ്ധരായിരിക്കുകയാണ് ഇവര്‍.
- അത്ബ പൌള്‍ട്രി ഫാം
വിവിധയിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി പത്ത് ടണ്‍ ഫ്രഷ് ചിക്കന്‍ സൌജന്യമായി നല്‍കുമെന്നാണ് അത്ബ പൌള്‍ട്രി ഫാം അറിയിച്ചിരിക്കുന്നത്
- അല്‍ അകിര്‍ കമ്പനി
രാജ്യത്തെ എല്ലാ ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്കും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സൌജന്യ ഭക്ഷണം എത്തിക്കും.
- റെതാജ് സല്‍വ റിസോര്‍ട്ട്
റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രധാനികളായ റെതാജ് സല്‍വ റിസോര്‍ട്ട് അവരുടെ 90 വില്ലകളും 78 റൂമുകളും ക്വാറന്‍റൈന്‍ സെന്‍ററുകളാക്കാന്‍ സൌജന്യമായി നല്‍കിയിരിക്കുകയാണ്.
- അല്‍ വജ്ബ ഡയറി ഫാക്ടറി
ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനായി സൌജന്യമായി പാലുല്‍പ്പന്നങ്ങളെത്തിക്കും
- ഒറിക്സ് ഗ്രൂപ്പ് സര്‍വീസസ്.
ക്വാറന്‍റൈന്‍ സെന്‍ററുകള്‍ തുടര്‍ച്ചയായി ശുചീകരിക്കുന്ന, അണുവിമുക്തമാക്കുന്ന ജോലികള്‍ സൌജന്യമായി നടത്താമെന്ന് ഏറ്റിരിക്കുകയാണ് ഒറിക്സ് ഗ്രൂപ്പ് സര്‍വീസസ്.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വ്യവസായ സ്ഥാപനം നടത്തുന്ന ജമാല്‍ ജഹാം അബ്ധുല്‍ അസീസ് അല്‍ കുവാരി തന്‍റെ സ്ഥാപനത്തിലെ 9000 സ്ക്വയര്‍ മീറ്റര്‍ വെയര്‍ഹൌസും ഓഫീസുകളും മെഡിക്കല്‍ വസ്തുക്കള്‍ സ്റ്റോര്‍ ചെയ്യാനായി വിട്ടുനല്‍കിയിരിക്കുകയാണ്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് താമസിക്കാനും ഈ ഇടങ്ങള്‍ ഉപയോഗിക്കാം.
ഖത്തര്‍ പ്രസ് കമ്പനി അറുപതിനായിരം പേപ്പര്‍ കപ്പുകള്‍ സൌജന്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്
അല്‍ ഖോറിലുള്ള ജുമാ ബിന്‍ ഷഖര്‍ ഷാഹവാനിയെന്ന സ്വദേശി അദ്ദേഹത്തിന്‍റെ അല്‍ഖോറിലുള്ള അപ്പാര്‍ട്ട്മെന്‍റും എക്സിബിഷന്‍ ഹാളും മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്
ക്വാറന്‍റൈന്‍ സെന്‍ററുകള്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ തയ്യാറായി ഫൊലാദ് ഇന്‍ഡസ്ട്രീസും രംഗത്തെത്തിയിട്ടുണ്ട്.
അത് പോലെ ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്ക് സൌജന്യമായി ഭക്ഷണമെത്തിക്കാമെന്ന് സിമൈസിമ ഹോട്ടല്‍ ഗ്രൂപ്പും ഏറ്റിട്ടുണ്ട്.
Adjust Story Font
16

