Quantcast

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃ‌തദേഹം ദോഹയില്‍ നിന്നും നാട്ടിലേക്ക്

യാത്രാവിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം കൊണ്ടുപോകുന്നത് ഖത്തര്‍ എയര്‍വേയ്സിന്‍റെ കാര്‍ഗോ വിമാനത്തില്‍

MediaOne Logo

PC Saifudheen

  • Published:

    3 April 2020 4:47 PM GMT

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃ‌തദേഹം ദോഹയില്‍ നിന്നും നാട്ടിലേക്ക്
X

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃ‌തദേഹം ദോഹയില്‍ നിന്നും നാട്ടിലേക്ക്. ഇക്കഴിഞ്ഞ മാര്‍ച്ച് 30 നാണ് കോയമ്പത്തൂര്‍ മേട്ടൂര്‍ സ്വദേശിയായ വിനോദ് അയ്യൻ ദുരൈ (29) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയിൽ മരിച്ചത്. ദോഹയിലെ ഒരു കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള മുഴുവന്‍ രാജ്യങ്ങളിലേക്കും വിമാനയാത്രാ നിയന്ത്രണം നിലനില്‍ക്കുന്നതിനിടെയാണ് വിനോദിന്‍റെ മരണം സംഭവിച്ചതെങ്കിലും മൃതദേഹം അവസാനമായി കാണാനുള്ള അടങ്ങാത്ത ആഗ്രഹം നാട്ടിലെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു.

നിലവിൽ ഖത്തറിലേക്കും തിരിച്ചും ചരക്കുവിമാനങ്ങളും ട്രാൻസിറ്റ് വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ഇതെ തുടര്‍ന്നാണ് ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുല്‍ സലാമും സന്നദ്ധ സംഘടനകളും ഖത്തര്‍ എയര്‍വേയ്സിന്‍റെ ചരക്കുവിമാനത്തില്‍ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള സാധ്യതകള്‍ തേടിയത്. രേഖകളും നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ദേശിച്ച വിമാനം കഴിഞ്ഞ ദിവസം മുടങ്ങി. ഇനി ഏപ്രിൽ അഞ്ചിന് മാത്രമെ മൃതദേഹം കൊണ്ടുപോകാൻ കഴിയൂവെന്നാണ് ഖത്തര്‍ എയർവേയ്സ്അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ മൂന്നിന് തന്നെയുള്ള വിമാനത്തിൽ കൊണ്ടുപോകാമെന്ന അറിയിപ്പ് പിന്നീട് ലഭിച്ചു. ഇതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. മറ്റ് തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ വൈകീട്ട് 7.30 നുള്ള വിമാനത്തില്‍ വിനോദിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആറുവർഷമായി ഖത്തറിൽ ജോലിചെയ്യുന്ന വിനോദ് അയ്യൻ ദുരൈക്ക് ആറുമാസം പ്രായമായ ഒരുമകളുണ്ട്. ഭാര്യ: ദിവ്യ. പിതാവ്: അയ്യൻ ദുരൈ. മാതാവ്: സരസ്വതി.

കോവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നടപടി മൂലം ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദായതിന് ശേഷം ഖത്തറിൽ മരിച്ച രണ്ട് മലയാളികളുള്‍‌പ്പെടെ നാല് ഇന്ത്യക്കാരുടെ മൃതദേഹങ്ങളും ഇവിടെ തന്നെ സംസ്കരിക്കുകയായിരുന്നു.

TAGS :

Next Story