കോവിഡ്; ആഗോള തലത്തില്‍ ആശ്വാസത്തണലൊരുക്കി ഖത്തര്‍ ചാരിറ്റി
സുരക്ഷാ വസ്തുക്കളും ഭക്ഷണവും എത്തിച്ചത് ഖത്തര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പേര്‍ക്ക്

ഖത്തറിന്‍റെ ഔദ്യോഗിക സന്നദ്ധസേവന വിഭാഗമായ ഖത്തര്‍ ചാരിറ്റിയുടെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ പരക്കെ പ്രശംസിക്കപ്പെടുകയാണ്. ഖത്തറില്‍ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട നിമിഷം മുതല്‍ കര്‍മ്മനിരതമാണ് ഖത്തര്‍ ചാരിറ്റി പ്രവര്‍ത്തകര്‍. വിവിധ മേഖലകളിലായി കഴിയുന്ന വിദേശി തൊഴിലാളികള്‍ക്ക് കോവിഡ് സുരക്ഷാ വസ്തുക്കളെത്തിക്കുക, ക്വാറന്‍റൈനില്‍ കഴിയുന്ന രോഗികള്‍ക്കും തൊഴിലെടുക്കാന്‍ കഴിയാതെ റൂമുകളില്‍ കഴിയുന്നവര്‍ക്കും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളെത്തിച്ചുനല്‍കുക എന്നിവയാണ് പ്രധാനമായും ഖത്തര്‍ ചാരിറ്റി നടത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ജോലിയെടുക്കുന്ന ദേശീയ പ്രാധാന്യമുള്ള പ്രോജക്ട് സൈറ്റുകളിലുള്ള തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുകളും വിതരണം ചെയ്യുന്നു. ഒപ്പം വിവിധ ദേശക്കാരായ വിദേശികള്‍ക്ക് അവരവരുടെതായ ഭാഷകളില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. ഇതുവരെ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഖത്തറില്‍ മാത്രം സഹായങ്ങളെത്തിച്ചത്
അതെ സമയം ഖത്തറിന് പുറത്തുള്ള ലോകരാജ്യങ്ങളിലും ഖത്തര്‍ ചാരിറ്റിയുടെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യെമനില്‍ കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്റൈസറുകള്‍, അണുനശീകരണ സാമഗ്രികള്‍, ശുചീകരണ വസ്തുക്കള്‍, മാസ്കുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ വെന്‍റിലേറ്ററുകള്‍, തുടങ്ങിയവയാണ് ഖത്തര്‍ ചാരിറ്റി എത്തിച്ചുനല്‍കിയത്. ഒന്നര ലക്ഷത്തോളം പേരിലേക്ക് ഇതിന്‍റെ ഗുണമെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
ലെബനനില്‍ മൂന്ന് ലക്ഷത്തി അമ്പതിനായിരം ഖത്തരി റിയാലിന്‍റെ കോവിഡ് സമാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്നത്.
തുണീഷ്യയില്‍ മൂന്ന് ലക്ഷത്തി എണ്‍പതിനായിരം ഖത്തരി റിയാല്‍ ചിലവ് വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് എത്തിച്ചുനല്‍കിയത്.
ഗസയിലും ഇതെ രീതിയില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളുടെയും വിതരണം പുരോഗമിക്കുകയാണ്.
Adjust Story Font
16

