Quantcast

കോവിഡ്: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വിയോജിപ്പുകൾ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍

വാക്സിൻ ഉൽപാദനത്തിലും മരുന്ന് നിർമാണത്തിലും മത്സരിക്കാതെ പരസ്പരം സഹകരിക്കണം, വരാനിരിക്കുന്ന നാളുകൾ പ്രയാസമേറിയതാകുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Published:

    25 April 2020 12:07 AM IST

കോവിഡ്: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വിയോജിപ്പുകൾ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍
X

കോവിഡ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വിയോജിപ്പുകൾ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍. വാക്സിൻ ഉൽപാദനത്തിലും മരുന്ന് നിർമാണത്തിലും മത്സരിക്കാതെ പരസ്പരം സഹകരിക്കണം.വരാനിരിക്കുന്ന നാളുകൾ പ്രയാസമേറിയതാകുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

റമദാൻ വ്രതാരംഭത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ഫലപ്രദമായ ഒരു വാക്സിനും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, കോവിഡ് പ്രതിരോധത്തിന് അന്താരാഷ്ട്ര തലത്തിലെ സഹകരണം അനിവാര്യമാണ്. വാക്സിൻ ഉൽപാദനത്തിലും മരുന്ന് നിർമാണത്തിലും മത്സരമല്ല മറിച്ച് സഹകരണമാണ് വേണ്ടത്. ഖത്തറിൽ വളരെ നേരത്തെ തന്നെ കോവിഡ്-19 രോഗം കണ്ടെത്തുകയും ഇതിന്‍റെ പ്രത്യാഘാതം എത്രത്തോളമുണ്ടാകുമെന്ന് വിലയിരുത്തുകയും ഏതടിയന്തര സാഹചര്യവും നേരിടാൻ രാജ്യം തയ്യാറായിട്ടുമുണ്ട്.

രോഗനിവാരണത്തിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അത്യാവശ്യമാണ്. വൈറസ് ബാധയെ പിടിച്ച് കെട്ടാൻ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ മാത്രം മതിയാവില്ല. വ്യാപകമായ മെഡിക്കൽ പരിശോധനകൾ അനിവാര്യമായിരിക്കുന്നു. രോഗബാധിതരുടെയും അവരുടെ സമ്പർക്ക വലയത്തിലുള്ളവരുടെയും പരിശോധന നിർബന്ധമാണ്. ആരുമായും സമ്പർക്കമില്ലാതെ രോഗം ബാധിച്ചവരെ കണ്ടെത്തുകയെന്നത് ഇതിനിടയിൽ പ്രയാസം സൃഷ്ടിക്കുന്നു. ആദ്യ ദിനം മുതൽ തന്നെ തീർത്തും സുതാര്യതയിലാണ് രാജ്യം മുന്നോട്ട് നീങ്ങുന്നത്. രോഗം തടയുന്നതിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ് എന്നതോടൊപ്പം സത്യം മറച്ചു പിടിക്കുന്നത് ജനങ്ങളെ വലിയ അപകടത്തിലാക്കുകയും ചെയ്യും.

പ്രതിരോധ മേഖലയിൽപുതിയ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിന് പുതിയ ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ വിദഗ്ധരെയും സംവിധാനങ്ങളും നാം സജ്ജീകരിച്ചിരിക്കുന്നു. ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാൻ കഴിയുന്ന ഫീൽഡ് ആശുപത്രികൾ സജ്ജമാണ്. എന്നാൽ അത് ഉപയോഗിക്കാൻ ഇട വരില്ല എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കോവിഡ്-19നെ തുടർന്നുണ്ടായ സാമ്പത്തിക വെല്ലുവിളികളും പ്രതിസന്ധികളും മറികടക്കാനാവശ്യമായ സാമ്പത്തിക ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടവും തരണം ചെയ്യാൻ രാജ്യത്തിനാകുമെന്നും അമീര്‍ പറഞ്ഞു

TAGS :

Next Story