ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള രണ്ടാം ഘട്ട യാത്ര മെയ് 15 മുതല്‍
നാല്‍പ്പത്തിനാലായിരം പേരാണ് ഇതിനകം മടക്കയാത്രക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികളുടെ മടക്കയാത്രയുടെ രണ്ടാം ഘട്ടം മെയ് 15 മുതല്‍ ആരംഭിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. കേരളത്തിലേക്ക് ഇനിയും രണ്ട് വിമാനങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നും പി കുമരന്‍ പറഞ്ഞു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വരും ഘട്ടത്തില്‍ സര്‍വീസുകളുണ്ടാകും. കേരളത്തിലേക്ക് ഇനിയും ഒന്നോ രണ്ടോ വിമാനങ്ങള്‍ കൂടിയുണ്ടാകും. ഇപ്പോള്‍ പുറപ്പെട്ട ആദ്യ വിമാനത്തില്‍ ഗര്‍ഭിണികള്‍ക്കും ചികിത്സ തുടരുന്ന പ്രായാധിക്യമുള്ളവര്‍ക്കുമാണ് കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്.
നാല്‍പ്പത്തിനാലായിരം പേരാണ് ഇതിനകം മടക്കയാത്രക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നും ഏറ്റവും അര്‍ഹരായവരെയാണ് നാട്ടിലെത്തിക്കുന്നത്. പൊതുമാപ്പ് ലഭിച്ച് ജയില്‍ മോചിതരായ 70 പേരും ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ കഴിഞ്ഞിരുന്ന 200 പേരും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഇവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. ഗാര്‍ഹിക ജോലിയിലേര്‍പ്പെട്ടിരുന്ന നിരവധി സ്ത്രീകളും യാത്രക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കേരളത്തില്‍ നിന്നാണ്. ഇവരെയും അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

