സന്ദര്‍ശക വിസയില്‍ കഴിയവെ കോവിഡ് ബാധിച്ച മലയാളി ഖത്തറില്‍ മരിച്ചു
കുറ്റ്യാടി സ്വദേശി മാളിയക്കണ്ടി മൊയ്തു ഹാജിയാണ് മരിച്ചത്

ഓണ്‍അറൈവല്‍ വിസയില്‍ കഴിയവെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിയാണ് ഖത്തറില്‍ മരിച്ചത്. കുറ്റ്യാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി മൊയ്തു ഹാജി (68)യാണ് മരിച്ചത്.
നാട്ടിലെ മദ്രസാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് മാസം മുമ്പ് ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും ഇന്ന് വെളുപ്പിന് ഹമദ് ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നുവെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈകുന്നേരത്തോടെ മൃതദേഹം ഖത്തറില്‍ ഖബറടക്കി. ദീര്‍ഘ കാലം സൌദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നു. അലീമയാണ് ഭാര്യ. മക്കള്‍ : റംല, റഹ്മത്ത്, റസീന. ജാമാതാക്കള്‍ : മുഹമ്മദ് കൂട്ടാലിട, മുഹമ്മദ് കല്ലൂര്‍, ഹമീദ്
Adjust Story Font
16

