നാട്ടില്‍ കഴിയുന്ന ഖത്തരി വിസയുള്ള ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി സംവിധാനമൊരുക്കുമെന്ന് എംബസി
കൃത്യമായ അറിയിപ്പ് ലഭിക്കാതെ ടിക്കറ്റ് എടുക്കരുതെന്നും എംബസി

കോവിഡ് യാത്രാ നിയന്ത്രണങ്ങളാല്‍ ഖത്തറിലേക്ക് തിരിച്ചുവരാനാകാതെ നാട്ടില്‍ കഴിയുന്ന ഖത്തരി വിസയുള്ളവരുടെ മടക്കയാത്രയ്ക്കായി പ്രത്യേക സംവിധാനമൊരുക്കുന്നത് ആലോചനയിലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. തിരിച്ചുവരവിനുള്ള യാത്രാനടപടികളുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് എംബസിയുടെ പ്രതികരണം. വന്ദേഭാരത് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ നിലവില്‍ നാട്ടില്‍ നിന്ന് ഖത്തറിലേക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗികമായ അനുമതി ഇനിയും ലഭ്യമായിട്ടില്ലെന്നാണ് എംബസി പ്രതികരണം വ്യക്തമാക്കുന്നത്. ഉറപ്പില്ലാത്ത യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങളെ മാത്രമേ ഇക്കാര്യത്തില്‍ ആശ്രയിക്കാവൂവെന്നും എംബസിയുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ പുതിയ വിവരങ്ങള്‍ നേരിട്ടറിയിക്കുമെന്നും എംബസി അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെ കോവിഡ് അപകടസാധ്യതയുള്ള രാജ്യങ്ങളിലുള്ള ഖത്തര്‍ ഐഡിയുള്ളവര്‍ക്കും തിരിച്ചുവരാമെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചതിന് പിന്നാലെയാണ് എയര്‍ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ ബുക്കിങ് ആരംഭിച്ചത്. ഇത്തരത്തില്‍ ചിലര്‍ക്ക് ഖത്തറിലേക്ക് യാത്ര സാധ്യമായതായും വിവരങ്ങളുണ്ട്. എന്നാല്‍ ഔദ്യോഗികമായ അനുമതി വന്ദേഭാരത് വിമാനം വഴിയുള്ള യാത്രക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അതെ സമയം ഇന്‍കാസ് ഖത്തര്‍, കെഎംസിസി തുടങ്ങിയ സംഘടനകള്‍ നാട്ടില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ ഒരുക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
Adjust Story Font
16

