ഖത്തറില്‍ എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറാനുള്ള പുതിയ നടപടിക്രമങ്ങള്‍ ഇതെല്ലാമാണ്...
പ്രൊബേഷൻ കാലാവധിയിൽ തൊഴിലാളി ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തൊഴിലുടമ അയാൾക്ക് ഒരു മാസത്തെയെങ്കിലും നോട്ടീസ് പീരിയഡ് നൽകിയിരിക്കണമെന്നും നിബന്ധനകളിലുണ്ട്

ഖത്തറില്‍ എൻ.ഒ.സി ഇല്ലാതെ തൊഴിൽ മാറുന്നതിനുള്ള വിവിധ നടപടിക്രമങ്ങൾ തൊഴിൽ ഭരണകാര്യ സാമൂഹിക കാര്യമന്ത്രാലയം പുറത്തിറക്കി. തൊഴില്‍ മാറുന്ന വിവരം നേരത്തെ തന്നെ തൊഴിലുടമയെ അറിയിക്കുകയും പുതിയ തൊഴിലുടമ നല്‍കുന്ന ഓഫര്‍ ലെറ്റര്‍ സമര്‍പ്പിക്കുകയും വേണം. ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പ്രത്യേക ഓപ്ഷന്‍ സജ്ജീകരിച്ചിട്ടുണ്ട്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് തൊഴില്‍ രംഗത്ത് വിപ്ലവമാകുന്ന പുതിയ നിയമഭേദഗതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്‍ഒസി ഇല്ലാതെ തന്നെ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാമെന്നതായിരുന്നു പ്രധാന ഉത്തരവുകളിലൊന്ന്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളാണ് തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. പുതിയ തൊഴിലിലേക്ക് മാറുന്നതിന് മുമ്പ് നിലവിലുള്ള തൊഴിലുടമയ്ക്ക് അറിയിപ്പ് നല്‍കണം.
തൊഴില്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ ഇതിനായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ഓപ്ഷന്‍ വഴി ഇ നോട്ടിഫിക്കേഷനാണ് നല്‍കേണ്ടത്. തൊഴിൽമന്ത്രാലയത്തിന്‍റെ 'ചെയ്ഞ്ച് ഓഫ് എംപ്ലോയർ ഫോറം, തൊഴിൽ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മുൻ തൊഴിൽ ഉടമയുമായുള്ള തൊഴിൽകരാറിന്‍റെ കോപ്പി, പുതിയ തൊഴിലുടമ നല്‍കുന്ന അറബിയിലുള്ള തൊഴില്‍ ഓഫര്‍ ലെറ്റര്‍ തുടങ്ങിയ ഇതിനൊപ്പം സമര്‍പ്പിക്കണം. തൊഴിൽ മാറ്റം അംഗീകരിക്കപ്പെടുന്ന മുറയ്ക്ക് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് തൊഴിൽ ഉടമക്കും തൊഴിലാളിക്കും മൊബൈല്‍ എസ്എംസ് ലഭിക്കും.
ഇരുവരും ഒപ്പുവെച്ച പുതിയ തൊഴിൽകരാർ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 60 റിയാൽ ഇതിന് ഫീസായി അടക്കുകയും വേണം. പുതിയ തൊഴിൽകരാർ നിലവിൽ വന്നാൽ തൊഴിലുടമ പുതിയ ഖത്തർ തിരിച്ചറിയൽ കാർഡ് അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തരമന്ത്രാലയത്തിൽ അപേക്ഷ നൽകണം. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ തൊഴിലാളിക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാകും. തൊഴിലാളിക്ക് തൊഴിൽ ഉടമ പുതിയ ഖത്തർ ഐഡിയും ഹെൽത്ത് കാർഡും ലഭ്യമാക്കണം.
പ്രൊബേഷൻ കാലാവധിയിൽ തൊഴിലാളി ജോലി മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തൊഴിലുടമ അയാൾക്ക് ഒരു മാസത്തെയെങ്കിലും നോട്ടീസ് പീരിയഡ് നൽകിയിരിക്കണമെന്നും നിബന്ധനകളിലുണ്ട്.
Adjust Story Font
16

