Quantcast

ഖത്തറില്‍ ഇസ്‍ലാം മതവിശ്വാസികള്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തി

രാജ്യത്തെ വിവിധ പള്ളികളിലായി രാവിലെ ആറ് മണിക്കായിരുന്നു നമസ്കാരം നടന്നത്. അല്‍ വജ്ബാ പ്രാര്‍ത്ഥനാ നഗരിയില്‍ നടന്ന നമസ്‍കാരത്തില്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനി പങ്കെടുത്തു.

MediaOne Logo

  • Published:

    6 Nov 2020 7:09 AM IST

ഖത്തറില്‍ ഇസ്‍ലാം മതവിശ്വാസികള്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തി
X

ഖത്തറില്‍ ഇസ്‍ലാം മതവിശ്വാസികള്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തി. അല്‍ വജ്ബാ പ്രാര്‍ത്ഥനാ നഗരിയില്‍ നടന്ന നമസ്‍കാരത്തില്‍ അമീര്‍ ശൈഖ് തമീം അല്‍ത്താനി പങ്കെടുത്തു. വിവിധ മന്ത്രിമാരും ഭരണരംഗത്തെ ഉന്നതരും വിവിധയിടങ്ങളിലായി നമസ്കാരത്തില്‍ പങ്കെടുത്തു. രാജ്യത്തെ വിവിധ പള്ളികളിലായി രാവിലെ ആറ് മണിക്കായിരുന്നു നമസ്കാരം നടന്നത്.

കാലാവസ്ഥാ വിഭാഗത്തിന്‍റെ കണക്കുകൂട്ടലനുസരിച്ച് കഴിഞ്ഞ മാസം 16 ന് തന്നെ ഖത്തറില്‍ ഈ വര്‍ഷത്തെ മഴക്കാലം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഏതാനും ചില മേഖലകളില്‍ ചെറിയ തോതില്‍ പെയ്തതൊഴിച്ചാല്‍ കാര്യമായ മഴ ഇതുവരെ രാജ്യത്ത് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്തെ മുഴുവന്‍ ഇസ്‍ലാം മതവിശ്വാസികളോടും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരത്തിന് ഖത്തര്‍ അമീര്‍ ആഹ്വാനം ചെയ്തത്.

മഴയ്ക്ക് വേണ്ടി പ്രത്യേക നമസ്കാരം നടത്തിയിരുന്ന പ്രവാചകചര്യ പിന്‍പറ്റിയാണ് മുസ്‍ലിംകള്‍ ഈ പ്രത്യേക നമസ്കാരം നടത്താറുള്ളത്. പ്രാദേശിക ഭാഷയില്‍ അല്‍ വസ്മി എന്ന് പേരുള്ള ഈ വര്‍ഷത്തെ മഴക്കാലം 52 ദിവസം നീണ്ടുനില്‍ക്കുമെന്നും താരതമ്യേന നല്ല മഴ ലഭിക്കുമെന്നുമായിരുന്നു കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.

എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും മഴക്കാലം ആരംഭിക്കാത്തത് രാജ്യത്തെ കാര്‍ഷിക മേഖലയുള്‍പ്പെടെയുള്ളവയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ നല്ല രീതിയില്‍ മഴ ലഭിക്കുന്നത് മൊത്തം സീസണില്‍ മഴ കൂടുതലായി ലഭിക്കുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം മഴക്കാലം വൈകുന്നതോടെ രാജ്യത്ത് താരതമ്യേന മഴ കുറഞ്ഞേക്കുമോയെന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.

TAGS :

Next Story