Quantcast

ഖത്തറില്‍ വാണിജ്യരംഗത്തെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി

റീട്ടെയില്‍ ഷോപ്പുകളിലും തെരുവ് മാര്‍ക്കറ്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ 40 നിയമ ലംഘനങ്ങള്‍ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.

MediaOne Logo

  • Published:

    12 Nov 2020 6:28 AM IST

ഖത്തറില്‍ വാണിജ്യരംഗത്തെ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി
X

ഖത്തറില്‍ വാണിജ്യരംഗത്തെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി വ്യവസായ മന്ത്രാലയം പരിശോധനകള്‍ കര്‍ശനമാക്കി. റീട്ടെയില്‍ ഷോപ്പുകളിലും തെരുവ് മാര്‍ക്കറ്റുകളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ 40 നിയമ ലംഘനങ്ങള്‍ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്‍റെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഔട്ട്ലറ്റുകളിലും ഗ്രോസറികളിലും തെരുവ് കടകളിലുമാണ് വ്യവസായ വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. ഇതില്‍ 40 നിയമ ലംഘനങ്ങള്‍ പിടികൂടിയതായും ശിക്ഷാനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയോ തീര്‍ന്നിട്ടും പുതുക്കാതെയോ ഉള്ള കച്ചവടം, മന്ത്രാലയം നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാതെയുള്ള കച്ചവടം, ആവശ്യമായ അനുമതിയില്ലാതെ തെരുവുകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തല്‍ എന്നീ നിയമ ലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. വാണിജ്യരംഗത്തെ ഇത്തരം കുറ്റകൃത്യങ്ങള്‍ പിടികൂടുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സുരക്ഷിതത്വത്തിനാണ് പ്രധാന പരിഗണന നല്‍കുന്നത്. ഇതിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാണിജ്യ രംഗത്തെ നിയമങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്കായി മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും വ്യവസായ വാണിജ്യ മന്ത്രാലയം കച്ചവട സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു.

TAGS :

Next Story