ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും
ഓണ്‍ലൈന്‍ വഴിയും നേരിട്ടെത്തുന്ന ഉദ്യോഗസ്ഥര്‍ വഴിയും ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍ത്തിവെച്ചതായിരുന്നു. ഓണ്‍ലൈന്‍ വഴിയുള്ള കണക്കെടുപ്പ് ഡിസംബര്‍ ഒന്നിനും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയുള്ള കണക്കെടുപ്പ് ഡിസംബര്‍ 13 മുതലുമാണ് ആരംഭിക്കുക. ജനുവരി ഏഴിനകം സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍,വീടുകള്‍, കുടുംബങ്ങള്‍, കുടുംബാംഗങ്ങളുടെ എണ്ണം, കെട്ടിടങ്ങള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെയെല്ലാം കൃത്യമായ കണക്കുകളെടുത്ത് രേഖപ്പെടുത്തുകയാണ് ചെയ്യുക.
www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് ജനങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടത്. കുടുംബങ്ങൾക്കും വ്യക്തികൾക്കും ആസൂത്രണ സ്ഥിതിവിവരകണക്ക് അതോറിറ്റി ഇന്നുമുതൽ ഇലക്ട്രോണിക് ഫോമുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കും. ഓൺലൈനിൽ എല്ലാവിധ സെൻസസ് വിവരങ്ങളും നൽകാൻ അതോറിറ്റി എല്ലാ കുടുംബനാഥൻമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗൃഹസന്ദർശനം നടത്തുന്ന സെൻസസ് ഉദ്യോഗസ്ഥരെ കാത്തുനിൽക്കാതെ തന്നെ ഇത്തരത്തിൽ സെൻസസ് വിവരങ്ങൾ നൽകുകയാണ് വേണ്ടത്. ഈ ഘട്ടത്തിൽ ഓൺലൈനിലൂടെ വിവരങ്ങൾ നൽകാനാകാത്തവർക്കായാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവിരങ്ങൾ ശേഖരിക്കുക.
സെന്‍സസിലൂടെ ശേഖരിച്ച മുഴുവന്‍ വിവരങ്ങളും അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ ഭരണകൂടം പുറത്തുവിടും.
ഇതുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രാലയം, പൊതുജനാരോഗ്യമന്ത്രാലയം, ആസൂത്രണസ്ഥിതിവിരണകണക്ക് അതോറിറ്റി എന്നിവയിലെ പ്രതിനിധികൾ പങ്കെടുത്തു.
Adjust Story Font
16

