ഖത്തർ പ്രതിസന്ധി പരിഹാര കരാറിന് അനുമതി നൽകാൻ ജി.സി.സിയുടെ ഉച്ചകോടി ചേരും
ഉപരോധം പിൻവലിക്കുന്ന അന്തിമ കരാറിൽ ഒപ്പുവെയ്ക്കും. പ്രഖ്യാപനം വന്നാല്‍ കര, വ്യോമാതിർത്തികൾ തുറക്കും. പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് കുവൈത്ത് സ്പീക്കർ മീഡിയവണിനോട്

അമേരിക്കയുടെയും കുവൈത്തിന്‍റെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിലൂടെ രൂപപ്പെട്ട ഖത്തർ പ്രതിസന്ധി പരിഹാര കരാറിന് അനുമതി നൽകാൻ ജി.സി.സിയുടെ ഉച്ചകോടി ചേരും. മിക്കവാറും ഈ മാസം ബഹ്റൈനിൽ ആയിരിക്കും 41ാം ജി.സി.സി ഉച്ചകോടി ചേരുകയെന്നാണ് കുവൈത്ത് പത്രം 'അൽ റായ' റിപ്പോർട്ട് ചെയ്തത്.
ഖത്തറിനു മേൽ സൗദി ഉൾപ്പെടെ ചതുർ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുന്ന അന്തിമ കരാറിൽ ഒപ്പുവെക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി വിളിച്ചു ചേർക്കുന്നത്. എന്നാൽ കരാറിന്‍റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. പ്രഖ്യാപനം വന്നാലുടൻ ഖത്തറിനു മുമ്പാകെ സൗദിയും മറ്റും കര, വ്യോമാതിർത്തികൾ തുറക്കുമെന്ന് പടിഞ്ഞാറൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ജി.സി.സി പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്ന് കുവൈത്ത് പാർലമെന്‍റ് സ്പീക്കർ മർസൂഖ് അൽഗാനിം മീഡിയവണിനോട് പറഞ്ഞു. ഗൾഫ് പ്രതിസന്ധി പരിഹാരത്തോടടുക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

