'ജോസ് കെ. മാണി ബി.ജെ.പിയുടെ ഭാഗമാവാന്‍ തയ്യാറായിരുന്നു'; ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍
ജോസ് കെ മാണിയുമായി നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്‍റെ ബി.ജെ.പി പ്രവേശം ഇല്ലാതാക്കിയത് ബിജെപിയിലെ തന്നെ ചില നിക്ഷിപ്ത താല്‍പര്യക്കാരുമാണെന്ന് ബാലശങ്കര്‍

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ബി.ജെ.പിയുടെ ഭാഗമാവാന്‍ തയ്യാറായിരുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലശങ്കര്‍ ജോസ് കെ മാണിയുമായിട്ടും കേരള കോണ്‍ഗ്രസുമായിട്ടുമുള്ള വ്യക്തി ബന്ധം തുറന്നുപറഞ്ഞത്. ജോസ് കെ മാണിയുമായി നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്‍റെ ബി.ജെ.പി പ്രവേശം ഇല്ലാതാക്കിയത് ബിജെപിയിലെ തന്നെ ചില നിക്ഷിപ്ത താല്‍പര്യക്കാരുമാണെന്ന് ബാലശങ്കര്‍ പറഞ്ഞു. അവര്‍ക്ക് മന്ത്രിസ്ഥാനവും പദവികളും നഷ്ടപ്പെട്ടേക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്നും ബാലശങ്കര്‍ ചൂണ്ടിക്കാട്ടി.
അച്ഛന്‍ കേരള കോണ്‍ഗ്രസുകാരനും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ വിളിക്കാറുണ്ടെന്നും ബാലശങ്കര്‍ പറഞ്ഞു. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി വ്യക്തിപരമായ വലിയ അടുപ്പമുണ്ടായിരുന്നുവെന്നും ബാലശങ്കര്‍ വ്യക്തമാക്കി.
ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ നേതാക്കൾക്ക് മാഫിയ സ്വഭാവമാണുള്ളതെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു.
വിവിധ മത സംഘടനകളും സാമുദായിക സംഘടനകളും ഒരു പോലെ മണ്ഡലത്തില്‍ തന്‍റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ മൂലമാണെന്നായിരുന്നു ബാലശങ്കറിന്‍റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും തോറ്റുകൊടുത്ത് സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുകയും, പകരം കോന്നിയിൽ വിജയിക്കുകയും ചെയ്യുക എന്നതാകാം ധാരണ എന്നായിരുന്നു ബാലശങ്കറിന്‍റെ പ്രതികരണം.
ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്‍റെ മുൻ പത്രാധിപർ കൂടിയായ ബാലശങ്കറിനെ ചെങ്ങന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സൂചനകള്‍ വന്നിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അപ്രതീക്ഷിതമായി ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എം.വി.ഗോപകുമാറിനെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.
Adjust Story Font
16

