ഈ തെരഞ്ഞെടുപ്പിൽ പിണറായി ജയിക്കണമെന്ന് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നു: രാഹുൽ ഈശ്വർ
ബിജെപിക്ക് നാലഞ്ചു സീറ്റുകൾ കിട്ടിയാലും കുഴപ്പമില്ലെന്ന് സിപിഎം ചിന്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരണമെന്ന് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതായി രാഹുൽ ഈശ്വർ. ഇത് തനിക്ക് നേരിട്ടറിയാവുന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്റെ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
' എനിക്ക് നേരിട്ടറിയാവുന്ന സത്യസന്ധമായൊരു കാര്യം പറയാം. ഈ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതു പക്ഷത്തു നിൽക്കുന്ന ആൾക്കാർ. പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ് തകരണമെന്നും അങ്ങനെ കോൺഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക് സ്‌പേസ് ഉള്ളൂവെന്നും അതിനു ശേഷം ആദ്യം ഒരു നായർ-നസ്രാണി കോമ്പിനേഷനും പിന്നീട് നായർ-നസ്രാണി-ഈഴവ കോമ്പിനേഷൻ-എന്റെ വാക്കുകളല്ല, ശ്രീ ബാലങ്കറിന്റെ വാക്കുകൾ അടക്കം- അങ്ങനെ കോൺഗ്രസിന്റെ സ്‌പേസ് ഇല്ലാതാക്കണം. അങ്ങനെ വീണ്ടും പിണറായി വിജയൻ ജയിക്കണെന്ന് ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തെ ഏറ്റവും എതിർക്കുന്ന ആൾക്കാർ. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്' - രാഹുൽ ഈശ്വർ പറഞ്ഞു.
ബിജെപിക്ക് നാലഞ്ചു സീറ്റുകൾ കിട്ടിയാലും കുഴപ്പമില്ലെന്ന് സിപിഎം ചിന്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇടതുപക്ഷത്തു നിൽക്കുന്നവർക്കും ഇതു തന്നെയാണ് ആഗ്രഹം. ഒരു നാലഞ്ചു സീറ്റ് അപ്പുറത്ത് നിൽക്കുന്നവർക്ക് കിട്ടിയാലും കുഴപ്പമില്ല, കോൺഗ്രസിന്റെ സ്‌പേസും വോട്ടുകളും വിശിഷ്യാ നായർ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാൽ തങ്ങൾക്ക് വീണ്ടും ഭരണത്തുടർച്ച കിട്ടുന്നവരാണ് അവർ. ഇതൊന്നും ആൾക്കാർക്ക് അറിയില്ലാന്ന് ആരും തെറ്റിദ്ധരിക്കേണ്ട. എല്ലാവർക്കും അറിയുന്നതാണ്' - രാഹുൽ പറഞ്ഞു.
Adjust Story Font
16

