ജംഷഡ്പൂരിനെതിരെ രാഹുലും ജീക്‌സണുമുണ്ടാകില്ല; ഡഗ് ഔട്ടില്‍ കിബുവും
രാഹുലിന്റെ അഭാവം മുന്നേറ്റ നിരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ രാഹുല്‍ കെപിയും ജീക്‌സണ്‍ സിങ്ങുമുണ്ടാകില്ല. തുടര്‍ച്ചയായ നാലു മഞ്ഞക്കാര്‍ഡുകള്‍ കണ്ടതാണ് താരങ്ങള്‍ക്ക് വിനയായത്. രണ്ടു കളികളില്‍ മഞ്ഞക്കാര്‍ഡ് കണ്ട കോച്ച് കിബു വിക്കുനയ്ക്കും ഗ്യാലറിയിലിരുന്ന് കളി കാണേണ്ടി വരും.
ബംഗളൂരുവിനും ഗോവയ്ക്കുമെതിരെ ഗോള്‍ കണ്ടെത്തിയ രാഹുലിന്റെ അഭാവം മുന്നേറ്റ നിരയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജോര്‍ദാന്‍ മറെ പരിക്കു മാറി തിരിച്ചെത്തിയില്ലെങ്കില്‍ കേരളത്തിന്റെ ആക്രമണത്തിന് മൂര്‍ച്ച കുറയുമെന്ന് ഉറപ്പാണ്. മിഡ്ഫീല്‍ഡര്‍ ഫാക്കുണ്ടോ പെരേരയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് രാഹുല്‍ ഗോവയ്‌ക്കെതിരെ ഗോള്‍ കണ്ടെത്തിയിരുന്നത്. സീസണില്‍ രാഹുലിന്റെ മൂന്നാം ഗോളാണിത്.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും സെന്റര്‍ ബാക്ക് പൊസിഷനിലും കളിക്കുന്ന താരമാണ് ജീക്‌സണ്‍ സിങ്. കോസ്റ്റ നെമോയന്‍സു തിരിച്ചെത്തിയില്ലെങ്കില്‍ അടുത്ത കളിയില്‍ പ്രതിരോധത്തില്‍ ഹക്കുവിനെ പരീക്ഷിക്കേണ്ടി വരും. എഫ്‌സി ഗോവയ്‌ക്കെതിരെ കോസ്റ്റ ഇറങ്ങിയിരുന്നില്ല.
ജനുവരി 27നാണ് ജംഷ്ഡപൂരിനെതിരെയുള്ള മത്സരം. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല. രണ്ടു ജയവും രണ്ടു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. 13 മത്സരങ്ങള്‍ കഴിയുമ്പോള്‍ ലീഗില്‍ 14 പോയിന്റുമായി ലീഗില്‍ ഏഴാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. 12 കളികളില്‍ നിന്ന് 13 പോയിന്റുമായി ഒമ്പതാമതാണ് ജംഷഡ്പൂര്‍.
Adjust Story Font
16

