ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറ് വിക്കറ്റ്; റെക്കോര്‍ഡ് നേട്ടവുമായി അശ്വിന്‍
ഇന്ത്യന്‍ ബൌളര്‍മാരില്‍ ഏറ്റവും വേഗത്തില്‍ നാനൂറ് തികച്ചതിന് പിന്നാലെ ലോക ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം ഏറ്റവും വേഗത്തില്‍ പിന്നിടുന്ന രണ്ടാമത്തെ ബൌളര്‍ കൂടിയാണ് അശ്വിന്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ നാനൂറ് വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു അശ്വിന്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 400 വിക്കറ്റ് തികയ്ക്കുന്ന ബൌളര്‍ എന്ന നേട്ടവും അശ്വിന് സ്വന്തമായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ബൗളര്‍ ആണ് അശ്വിന്‍. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍
ഇന്ത്യന്‍ ബൌളര്‍മാരില്‍ ഏറ്റവും വേഗത്തില്‍ നാനൂറ് തികച്ചതിന് പിന്നാലെ ലോക ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം ഏറ്റവും വേഗത്തില്‍ പിന്നിടുന്ന രണ്ടാമത്തെ ബൌളര്‍ കൂടിയാണ് അശ്വിന്‍. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ആണ് ഈ നേട്ടം അശ്വിനെക്കാളും വേഗത്തില്‍ സ്വന്തമാക്കിയ ഒരേ ഒരു ബൌളര്‍. 76ാം ടെസ്റ്റിലാണ് അശ്വിൻ 400 വിക്കറ്റ് നേട്ടം കൊയ്തത്. മുത്തയ്യ മുരളീധരനാകട്ടെ 72 ടെസ്റ്റില്‍ നിന്നാണ് ഈ റെക്കോര്‍ഡിലെത്തിയത്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലെ ഏഴാം വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ അശ്വിന്‍ ഇതടക്കം നാല് വിക്കറ്റുകളാണ് പിഴുതത്. ജോഫ്ര ആര്‍ച്ചര്‍ ആയിരുന്നു അശ്വിന്റെ ടെസ്റ്റിലെ നാനൂറാം വിക്കറ്റ്. അശ്വിനും അക്സര്‍ പട്ടേലും പന്ത് കൊണ്ട് മികവ് കാട്ടിയപ്പോള്‍ ഇംഗ്ലണ്ട് 81ന് ഓള്‍ ഔട്ട് ആയി.
Adjust Story Font
16

