ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും റോക്കറ്റാക്രമണം
ഇറാൻ പിന്തുണയുള്ള മിലീഷ്യകളാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് സൂചന

ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേരെ വീണ്ടും റോക്കറ്റാക്രമണം. പത്ത് റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ഒരു കരാർ ജീവനക്കാരൻ മരണപ്പെടുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അംബർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന അൽ അസദ് സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് കാലത്താണ് റോക്കറ്റാക്രമണം നടന്നത്. ഇറാൻ പിന്തുണയുള്ള മിലീഷ്യകളാണ് ആക്രമണത്തിനു പിന്നിൽ എന്നാണ് സൂചന. എന്നാൽ ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ പല തവണ അൽ അസദ് സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടന്നിരുന്നു.
യു.എസിനു പുറമെ സഖ്യരാജ്യങ്ങളുടെ സൈനികരും തമ്പടിച്ച ക്യാമ്പാണിത്. ആക്രമണത്തെ തുടർന്ന് ഹൃദയാഘാതം മൂലമാണ് ഒരാൾ മരിച്ചതെന്ന് സൈനിക കേന്ദ്രം അറിയിച്ചു. എന്നാൽ പരിക്കേറ്റവരെ കുറിച്ച് എന്തെങ്കിലും വിവരം വെളിപ്പെടുത്താൻ യു.എസ് സൈനിക വൃത്തങ്ങൾ വിസമ്മതിച്ചു. ആക്രമണത്തെ ഇറാഖ് സർക്കാറും അമേരിക്കയും അപലപിച്ചു.
Adjust Story Font
16

