Quantcast

ടി.ജി മോഹൻദാസിനു ശേഷം ബി.ജെ.പി ബൗദ്ധിക വിഭാഗം തലവനായി ശങ്കു ടി. ദാസ്

ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സംഘ്പരിവാർ സൈദ്ധാന്തികരായ ആർ. ഹരി, ടി.ജി മോഹൻദാസ് എന്നിവരോട് ഏറ്റുമുട്ടിയാണ് ശങ്കു ടി. ദാസ് ശ്രദ്ധിക്കപ്പെടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-10-21 14:57:00.0

Published:

21 Oct 2022 8:23 PM IST

ടി.ജി മോഹൻദാസിനു ശേഷം ബി.ജെ.പി ബൗദ്ധിക വിഭാഗം തലവനായി ശങ്കു ടി. ദാസ്
X

തിരുവനന്തപുരം: ബി.ജെ.പി ബൗദ്ധിക വിഭാഗം തലവനായി ശങ്കു ടി. ദാസ് നിയമിതനായി. മുതിർന്ന സംഘ്പരിവാർ സൈദ്ധാന്തികനായ ടി.ജി മോഹൻദാസ് വഹിച്ച പദവിയിലാണ് അദ്ദേഹവുമായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടഞ്ഞുനിന്നിരുന്ന ബി.ജെ.പി യുവനേതാവ് എത്തുന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു.

അഭിഭാഷകനായ ശങ്കു ടി. ദാസ് കേരള ബാർ കൗൺസിൽ അംഗമാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സംഘ്പരിവാർ അനുകൂല സൈദ്ധാന്തികരായ ആർ. ഹരി, ടി.ജി മോഹൻദാസ് എന്നിവരോട് ഏറ്റുമുട്ടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഹരിയും മോഹൻദാസും ശബരിമലയിലെ സ്ത്രീ പ്രവേശത്തെ തുടക്കത്തിൽ പിന്തുണച്ചിരുന്നു. ഈ ഘട്ടത്തിൽ ഇവരെ വിമർശിച്ചാണ് ശങ്കു സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പിന്നീട്, സോഷ്യൽ മീഡിയയിൽ വിവാദ വിഷയങ്ങളിലെല്ലാം ബി.ജെ.പിയുടെ ശബ്ദമായി സന്ദീപ് വാര്യർക്കൊപ്പം ശങ്കുവിനെയും ബി.ജെ.പി പ്രവർത്തകർ ഏറ്റെടുത്തു.

തൃത്താലയിലെ വി.ടി ബൽറാമും എം.ബി രാജേഷും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, അവസാന നിമിഷമാണ് അപ്രതീക്ഷിതമായി എൻ.ഡി.എ ശങ്കു ടി. ദാസിനെ അവതരിപ്പിക്കുന്നത്. എന്നാൽ, ബൽറാമിനെ രാജേഷ് മലർത്തിയടിച്ച തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് കുറയുകയാണുണ്ടായത്. 2016ൽ ബൽറാമിനെതിരെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന വി.ടി രമയെക്കാൾ കുറഞ്ഞ വോട്ടാണ് ശങ്കുവിന് ലഭിച്ചത്. രമയ്ക്ക് 14,510 വോട്ടാണ് ലഭിച്ചിരുന്നത്. ശങ്കുവിന് ലഭിച്ചത് 12,851 വോട്ടാണ്.

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്. അടുത്തിടെ, തിരൂർ ചമ്രവട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.

Summary: Sanku T Das appointed as the convener of BJP intellectual cell, Kerala

TAGS :

Next Story