Quantcast

തെലങ്കാന മോഡലിൽ മലബാർ സംസ്ഥാനത്തിനായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റർ

സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഒരു പരസ്യം പങ്കുവെച്ചുകൊണ്ടാണ് അന്‍വര്‍ സാദിഖ് ഫൈസി ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

MediaOne Logo

  • Published:

    10 Feb 2021 3:34 PM GMT

തെലങ്കാന മോഡലിൽ മലബാർ സംസ്ഥാനത്തിനായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റർ
X

മലബാർ സംസ്ഥാന രൂപീകരണത്തിനായി തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് സത്യധാര എഡിറ്റർ അന്‍വര്‍ സാദിഖ് ഫൈസി. മലബാറിനോട് സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എസ്.കെ.എസ്.എസ്.എഫ് മുഖപത്രത്തിന്‍റെ എഡിറ്റര്‍ അന്‍വര്‍ സാദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കരച്ചിലുകൾക്കും വിലാപങ്ങൾക്കും സ്ഥാനമില്ലെന്നും, കോഴിക്കോട് ആസ്ഥാനമായി 'മലബാർ സംസ്ഥാനം' രൂപീകരിക്കാൻ ഇവിടെയുള്ളവർ തെലുങ്കാന മോഡലില്‍ തെരുവിലിറങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പരസ്യം പങ്കുവെച്ചുകൊണ്ടാണ് അന്‍വര്‍ സാദിഖ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാറി മാറി വന്ന സർക്കാരുകൾ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് പരസ്യത്തിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവൺമെന്‍റിന്‍റെ സ്വജന പക്ഷപാതവും മലബാറിനോടുള്ള അവഗണനയും പരസ്യത്തില്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ അന്‍വര്‍ സാദിഖ് മലബാറിലെ മത-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കി.

അന്‍വര്‍ സാദിഖ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആരോഗ്യ മേഖലയുടെ മികവ് കാണിക്കാൻ ഇന്ന് കേരള സർക്കാർ നൽകിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവൺമെൻ്റിൻ്റെ സ്വജന പക്ഷപാതിത്വവും മലബാറിനോടുള്ള അവഗണയും സ്വയം പരസ്യപ്പെടുത്തി കൊണ്ടാണ്. ഏറ്റവും കൂടുതൽ ജനങ്ങളുള്ള മലപ്പുറത്തിന് വെറും 3 കുത്ത്. അതേ സമയം എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗങ്ങൾ ആരോഗ്യ കേന്ദ്രങ്ങളുടെ അടയാളമുദ്രകൾ നിറഞ്ഞിട്ട് കാണാനേ സാധിക്കുന്നില്ല.

മാറി മാറി വന്ന സർക്കാറുകൾ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിൻ്റെ ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യത്തിൽ കാണുന്നത്. മലബാറിൽ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങൾ അലയുമ്പോൾ, തിരു-കൊച്ചിയിൽ പതിനായിരകണക്കിന് സീറ്റുകൾ ആളില്ലാതെ ബാക്കിയാവുന്നത്. മലബാറിൽ സ്വകാര്യ ബസ്സുകളും തെക്കോട്ട് KSRTC ബസ്സുകളും കുത്തകയാക്കുന്നത്.... ഇങ്ങനെ നിരവധി കാര്യങ്ങളിൽ ഈ വിവേചനം കാണാം. നിയമസഭ സീറ്റുകളിൽ മിക്കതും മലബാറിലാണ്. വികസനം മിക്കതും തെക്കുഭാഗത്തും. ഈ സംസ്ഥാനത്തിൻ്റെ അങ്ങേയറ്റത്തുള്ള ഒരു ഇടത്ത്, മലയാള ഭാഷപോലും തമിഴിലേക്ക് വഴിമാറുന്ന ഒരു അതിർത്തിയിൽ കൊണ്ടുപോയി തലസ്ഥാനവും സെക്രട്ടറിയേറ്റും ഉണ്ടാക്കിയതു മുതൽ ഈ വിവേചനം നടന്നു വരുന്നുണ്ട്.

ഇവിടെ കരച്ചിലുകൾക്കും വിലാപങ്ങൾക്കും അർഥമില്ല. ഒന്നെങ്കിൽ കോഴിക്കോട് ആസ്ഥാനമായി 'മലബാർ സംസ്ഥാനം' രൂപീകരിക്കാൻ ഇവിടെയുള്ളവർ തെലുങ്കാന മോഡൽ തെരുവിലിറങ്ങുക. അല്ലെങ്കിൽ,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആഴ്ചയിൽ 3 ദിവസം തങ്ങുന്ന വിധം അഡീഷണൽ സെക്രട്ടറിയേറ്റ് ഉൾപ്പടെയുള്ള ഭരണ കേന്ദ്രങ്ങൾ മലബാറിൽ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മത-സാംസ്കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെല്ലാം ഇതിൽ ഉത്തരവാദിത്തം ഉണ്ട്. പാർടികൾ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.

#മലബാർ_പാക്കേജ് ആരോഗ്യ മേഖലയുടെ മികവ് കാണിക്കാൻ ഇന്ന് കേരള സർക്കാർ നൽകിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവൺമെൻ്റിൻ്റെ...

Posted by Anwar Sadiq Faizy Tanur on Wednesday, February 10, 2021
TAGS :

Next Story