Quantcast

അടുത്ത വർഷത്തേക്കുള്ള ഹജ്ജ് കരാറിൽ ഇന്ത്യ-സൗദി ധാരണയായി

കോഴിക്കോട് വിമാന താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഈ വർഷം പുതിയതായി തെരഞ്ഞെടുത്തതായി മന്ത്രി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    14 Dec 2018 8:22 AM IST

അടുത്ത വർഷത്തേക്കുള്ള ഹജ്ജ് കരാറിൽ ഇന്ത്യ-സൗദി ധാരണയായി
X

അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് കരാറിൽ ഇന്ത്യയും സൌദി അറേബ്യയും തമ്മിൽ ഒപ്പുവെച്ചു. കോഴിക്കോടും കൊച്ചിയും ഉള്‍പ്പെടെ ഇത്തവണ ഇന്ത്യയിലെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഹജ്ജിനെത്താം. ഈ വര്‍ഷം ഹാജിമാരുടെ അപേക്ഷ കുറഞ്ഞെന്ന വാദം കേന്ദ്ര മന്ത്രി നിഷേധിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും സൌദി ഹജ്ജ് ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സാലിഹി ബിന്‍ താഹിര്‍ ബിന്‍തനും തമ്മിലാണ് കരാര്‍ ഒപ്പു വെച്ചത്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഇന്ത്യയുടെ ആവശ്യപ്രകാരം ഹജ്ജ് കോട്ട സൌദി വർദ്ധിപ്പിച്ചു തന്നിരുന്നു. ഇത്തവണയും വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒരുലക്ഷത്തി എഴുപത്തി അയ്യായിരമായിരുന്നു ഇന്ത്യക്ക് അനുവദിച്ചിരുന്ന കോട്ട. ഇത്തവണ ഒരുലക്ഷത്തി തൊണ്ണൂറായിരമായി ഉയർത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് വിമാന താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി ഈ വർഷം പുതിയതായി തെരഞ്ഞെടുത്തതായി മന്ത്രി വ്യക്തമാക്കി. ഇത്തവണ ഹജ്ജ് അപേക്ഷകരുടെ എണ്ണം കുറവാണെന്ന രീതിയിൽ പുറത്ത് വന്ന വാർത്തകൾ മന്ത്രി നിഷേധിച്ചു. ഇന്നലെ അപേക്ഷ ലഭിക്കേണ്ട അവസാന സമയം അവസാനിച്ചപ്പോൾ 3 ലക്ഷത്തിലധികം അപേക്ഷകൾ ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് ലഭിച്ചതായി മന്ത്രി വ്യക്തമാക്കി.

TAGS :

Next Story