മദീന മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം
നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

മദീന മേഖലയില്‍ 41 തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയത്തിന്‍റെ അംഗീകാരം. മേഖല ഇമാറയും തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച കരാറിന്‍റെ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. നാല് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ 13 മേഖലയില്‍ അവയുടെ സ്വഭാവവും സാഹചര്യവും പരിഗണിച്ച് അനുയോജ്യമായ സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം അനുവാദം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് മദീനയില്‍ മാത്രമായി ഏതാനം തൊഴിലുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. തൊഴിലന്വേഷകരായ സ്വദേശി യുവതീയുവാക്കള്‍ക്ക് നിയമം ഏറെ അനുഗ്രഹമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഷോപ്പിങ് മാളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ടൂറിസ സംബന്ധമായ ജോലികള്‍, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജോലിക്കാര്‍, ഭക്ഷണശാലകളിലെ ജോലികള്‍, റിസപ്ഷന്‍, ഡാറ്റ എന്‍ട്രി, അഡ്മിന്‍ ജോലികള്‍, സെക്രട്ടറി ജോലികള്‍, സര്‍വീസ് സൂപ്പര്‍വൈസര്‍, റൂം സൂപ്പര്‍വൈസര്‍, മെയ്ന്‍റനന്‍സ് സൂപ്പര്‍വൈസര്‍, മാര്‍ക്കറ്റിങ് സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഷിഫ്റ്റ് സൂപ്പര്‍വൈസര്‍, ടൂര്‍ പാക്കേജ് സൂപ്പര്‍വൈസര്‍, ഫ്രണ്ട് ഓഫീസ് ജോലികള്‍, ലേബര്‍ സൂപ്പര്‍വൈസര്‍ തുടങ്ങി 41 തൊഴിലുകളാണ് സ്വദേശിവത്കരിച്ചിരിക്കുന്നത്.

കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, മാര്‍ക്കറ്റിങ് സെയില്‍സ് റപ്രസെന്‍റിറ്റീവ്സ്, സെയില്‍സ് റപ്രസെന്‍റിറ്റീവ്സ്, എക്കൗണ്ടന്‍റ്, എച്ച്,ആര്‍ മാനേജര്‍, പര്‍ച്ചേഴ്സ് മാനേജര്‍, ടിക്കറ്റിങ് ജോലിക്കാര്‍, ടൂര്‍ പ്രോഗ്രാം ജോലികള്‍ എന്നിവയും സ്വദേശിവത്കരണ പട്ടികയില്‍ ഉള്‍പ്പെടുന്നു. ചാരിറ്റ സ്ഥാപനങ്ങളിലെ ജോലി റജബ് ഒന്ന് മുതലും ഹോട്ടല്‍, ടൂറിസം ജോലികള്‍ ശവ്വാല്‍ ആറ് മുതലുമാണ് പ്രാബല്യത്തില്‍ വരിക. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനം തടയപ്പെടും. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമാനുസൃതമായുള്ള ശിക്ഷയും പിഴയും ലഭിക്കുമെന്നും തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16

