പശ്ചിമേഷ്യയില്‍ സൈനിക സാന്നിധ്യം കുറക്കാനുള്ള അമേരിക്കന്‍ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ മേഖലയിൽ സൈനിക സാന്നിധ്യം പരിമിതപ്പെടുത്താനുള്ള യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണം. സിറിയയിൽ നിന്നുള്ള പിൻമാറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ തീരുമാനം ഗൾഫ് സുരക്ഷയെ ഏതുവിധത്തിൽ ബാധിക്കും എന്ന ആശങ്കയും ചില കേന്ദ്രങ്ങൾക്കുണ്ട്.
പശ്ചിമേഷ്യയിലെ പൊലിസായി അധികകാലം തുടരാൻ താൽപര്യമില്ലെന്നാണ് യു.എസ് പ്രസിഡൻറ് ട്രംപ് ട്വീറ്റ് സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. വൻതുകക്കൊപ്പം വിലപ്പെട്ട സൈനികരുടെ ജീവനും നൽകാൻ അമേരിക്ക ശ്രമിച്ചിട്ടും അതിനെ വിലമതിക്കാൻ ആരും തയാറാകുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ കഴിഞ്ഞ ദിവസമാണ് ട്രംപ് തീരുമാനിച്ചത്. യു.എസ് പ്രതിരോധ മന്ത്രാലയത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു ട്രംപിന്റെ സിറിയൻ പിൻമാറ്റ പ്രഖ്യാപനം. യു.എസ് പിൻമാറ്റം ഇറാൻ പിന്തുണയുള്ള ബശ്ശാറുൽ അസദ് ഭരണകൂടത്തിന് കൂടുതൽ കരുത്തേകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഐസിസ് വിരുദ്ധ പോരാട്ടത്തിെൻറ ഭാവിയും മറ്റൊരു ചോദ്യമായി ഉയരുന്നുണ്ട്. ഇറാഖ് ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നും സൈന്യത്തെ പൂർണമായും യു.എസ് മാത്രമല്ല നാറ്റോ സഖ്യരാജ്യങ്ങളും പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.
ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് ഗൾഫിലെ യു.എസ് സൈനിക സാന്നിധ്യം കൂടുതൽ. പുറമെ നിന്നുള്ള ഇടപെടൽ മേഖലയെ അരക്ഷിതമാക്കുന്ന സാഹചര്യത്തിൽ യു.എസ് പിൻമാറ്റ തീരുമാനം ഗുണകരമാകുമെന്ന് വിലയിരുത്തുന്നവരാണ് കൂടുതൽ.
Adjust Story Font
16

