Quantcast

സൗദിയിലെ നാഷണൽ കൊമേർഷ്യൽ ബാങ്കും റിയാദ് ബാങ്കും ലയിക്കുന്നു

രാജ്യത്തെ രണ്ടു പ്രമുഖ ബാങ്കുകളുടെ ലയനം പൂർത്തിയായാൽ ഗൾഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്നാമത്തെ ബാങ്കായിരിക്കും സൗദിയിൽ നിലവിൽ വരിക.

MediaOne Logo

Web Desk

  • Published:

    25 Dec 2018 11:28 PM IST

സൗദിയിലെ നാഷണൽ കൊമേർഷ്യൽ ബാങ്കും റിയാദ് ബാങ്കും ലയിക്കുന്നു
X

സൗദി അറബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷണൽ കൊമേർഷ്യൽ ബാങ്കും റിയാദ് ബാങ്കും ലയിക്കുന്നു. ലയനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ഇരു ബാങ്കുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ലയനം പൂർത്തിയാവും.

ബാങ്ക് അൽ അഹ്‌ലി എന്നറിയപ്പെടുന്ന നാഷണൽ കൊമേർഷ്യൽ ബാങ്കും റിയാദ് ബാങ്കും തമ്മിലുള്ള ലയന ചർച്ചകൾക്ക് ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് തുടക്കം കുറിച്ചു. ഇരു സ്ഥാപനങ്ങൾക്കും അനിയോജ്യമായ രീതിയിൽ ലയന നടപടികൾ പൂർത്തിയാക്കുമെന്ന് ബാങ്കുകൾ ഔദ്യോഗിക പ്രസ്താവനകളും ഇറക്കി. രാജ്യത്തെ ബാങ്കുകളുടെ മേൽനോട്ടം വഹിക്കുന്ന സൗദി അറേബ്യൻ മോണിറ്ററി അതോരിറ്റിയുടെയും സർക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും അനുമതിയോടെയായിരിക്കും ലയനം. എന്നാൽ ലയനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിനെക്കുറിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇരു ബാങ്കുകളിലുമുള്ള നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിസുരക്ഷയെ ലയനം ഒരു നിലക്കും ബാധിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ലയന ചർച്ചകളുടെ പുരോഗതി യഥാസമയം പുറത്തുവിടും. ബാങ്ക് ഓഹരി ഉടമകളെയും വിവരങ്ങൾ അറിയിക്കും. നിലവിൽ നാഷണൽ കൊമേർഷ്യൽ ബാങ്കിൽ 64.6 ശതമാനവും റിയാദ് ബാങ്കിൽ 47.7 ശതമാനവും സർക്കാർ ഓഹരികളാണ്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, പബ്ലിക് പെൻഷൻ ഏജൻസി, ജനറൽ ഓർഗനൈസേഷൻ ഫോർ സൗദി ഇൻഷുറൻസ് എന്നീ 3 സർക്കാർ സ്ഥാപനങ്ങളാണ് ഇരു ബാങ്കുകളിലെയും ഏറ്റവും വലിയ ഓഹരി ഉടമകൾ. രാജ്യത്തെ രണ്ടു പ്രമുഖ ബാങ്കുകളുടെ ലയനം പൂർത്തിയായാൽ ഗൾഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്നാമത്തെ ബാങ്കായിരിക്കും സൗദിയിൽ നിലവിൽ വരിക.

TAGS :

Next Story