പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗദിവത്കരണത്തില്‍ ഇളവ്
പുതിയ ഒന്‍പത് സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം

സൗദിയില്‍ പുതുതായി ആരംഭിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗദിവത്കരണത്തില്‍ ഇളവ്. ഇതുള്‍പ്പെടെ ഒന്‍പത് സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകളനുവദിക്കാനും ധാരണയായി.
ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയവും സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍ പ്രൈസസ് ജനറല്‍ അതോറിറ്റിയും ഇതിനായുള്ള കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാറനുസരിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകളനുവദിക്കും. പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആദ്യത്തെ ഒരു വര്‍ഷത്തേക്ക് സൗദിവത്കരണത്തില്‍ ഇളവുണ്ടാകും.
കൂടാതെ ഓണ്‍ലൈന്‍ വഴി വിസകളനുവദിക്കുക, പുതുതായി ജോലിക്ക് നിയമിക്കുന്ന സൗദി പൗരന്‍മാരെ ഉടനടി നിതാഖാത്തിന്റെ ഭാഗമാക്കുക, ഒഴിവ് വരുന്ന തസ്തികകള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കുക, ഉന്നത തസ്തികകള്‍ സൗദിവത്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ സേവനങ്ങളും ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. സൗദിവത്കരണം ഉയര്‍ത്തുന്നതിന് സ്വകാര്യമേഖലയെ പ്രോല്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Adjust Story Font
16

