അറേബ്യൻ ലോകത്ത് നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയെ മെയിൽ പ്രഖ്യാപിക്കും

അറേബ്യൻ ലോകത്ത് നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരിയെ മെയിൽ പ്രഖ്യാപിക്കും. 4,022 ഇമറാത്തികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മിലിട്ടറി പൈലറ്റ് ഹസ്സ ആൽ മൻസൂറി, ശാസ്ത്രജ്ഞന്‍ സുൽത്താൻ ആൽ നിയാദി എന്നിവരിൽ ഒരാളായിരിക്കും റഷ്യൻ റോക്കറ്റായ സോയൂസ് എം.എസ് 15ൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് കുതിക്കുക.
സെപ്റ്റംബർ 25നാണ് ബഹിരാകാശ ദൗത്യമെന്ന് ഹസ്സയും സുൽത്താനും ദുബൈ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. യാത്രാ തീയതി നേരത്തെ റഷ്യൻ വാർത്താ ഏജൻസി 'സ്പുട്നിക്' പുറത്തുവിട്ടിരുന്നു. ആദ്യ ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെടാത്തയാളെ ഭാവി ദൗത്യത്തിന് നിയോഗിക്കും. ആര് ആദ്യം ബഹിരാകാശത്ത് എത്തിയാലും ഞങ്ങൾ ഒരു ടീമാണെന്നും ഞങ്ങൾക്ക് ഒരേ ദൗത്യമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.
എട്ട് ദിവസമാണ് യു.എ.ഇ ബഹിരാകാശ യാത്രികൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ ചെലവിടുക. ഒക്ടോബർ മൂന്നിന് ഭൂമിയിലേക്ക് മടങ്ങും. റഷ്യൻ കമാൻഡർ ഒലേഗ് സ്ക്രിപോച്ക, അമേരിക്കൻ ഫ്ലൈറ്റ് എൻജിനീയർ ക്രിസ് കാസിഡി എന്നിവരായിരിക്കും യു.എ.ഇ ബഹിരാകാശ യാത്രികന്റെ കൂടെയുണ്ടാവുക.
34കാരനായ ഹസ്സ ആൽ മൻസൂറി ഖലീഫ ബിൻ സായിദ് എയർ കോളജിൽനിന്ന് ഏവിയേഷൻ സയൻസിലും മിലിട്ടറി ഏവിയേഷനിലും ബിരുദം നേടിയിട്ടുണ്ട്. 14 വർഷത്തെ മിലിട്ടറി ഏവിയേഷൻ പരിചയമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പരിശീലന പരിപാടികളിൽ പങ്കെടുത്തു. സുൽത്താൻ ആൽ നിയാദി വിവരചോർച്ച തടയൽ സാങ്കേതികവിദ്യയിൽ ആസ്ട്രേലിയയിലെ ഗ്രിഫിത് സർവകലാശാലയിൽനിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ട്.
Adjust Story Font
16

