സൗദിയിൽ കോവിഡ് ബാധിച്ച് 10 പേർ കൂടി മരിച്ചു
മൂന്ന് മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്

സൗദിയിൽ കോവിഡ് ബാധിച്ച് 10 പേർ കൂടി മരിച്ചു.മൂന്ന് മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്. 878 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.578 പേർ രോഗമുക്തി നേടി.
പ്രതിദിന കേസുകളിൽ വർധന രേഖപ്പെടുത്തിയപ്പോഴും, കഴിഞ്ഞ മൂന്ന് മാസത്തോളമായി പരമാവധി ഏഴ് പേർ വരെയായിരുന്നു ഓരോ ദിവസവും കോവിഡ് ബാധിച്ച് മരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും മരണം സംഖ്യ ഉയർന്ന് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 8 ഉം 9 ഉം പേർ വീതമായിരുന്നു മരിച്ചിരുന്നത്. എന്നാൽ ഇന്നലെ മരണ സംഖ്യ വീണ്ടും ഉയർന്ന് 10 ലെത്തി. അതേ സമയം രോഗമുക്തി വർധിക്കുന്നതായും, പുതിയ രോഗികളുടെ എണ്ണം കുറയുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 900 ന് മുകളിലായിരുന്ന പുതിയ കേസുകൾ ഇന്നലെ കുറഞ്ഞ് 878 ലെത്തി.
കൂടാതെ കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചയായി ഇന്നും രോഗമുക്തിയിൽ ആശ്വാസകരമായ വർധനനയാണുണ്ടായത്. 578 പേർക്ക് ഇന്ന് രോഗം ഭേദമായി. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഉയർന്ന രോഗമുക്തിയാണ് ഒരാഴ്ചയോളമായി രേഖപ്പെടുത്തി വരുന്നത്. എന്നാൽ ഗുരുതരാവസ്ഥയും, ചികിത്സയിലുള്ളവരുടെ എണ്ണവും വർധിച്ച് വരികയാണ്. നിലവിൽ 914 പേർ അത്യാസന്ന നിലയിലെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുൾപ്പെടെ വിവിധ ആശുപത്രികളിലായി 8,113 പേർ ചികിത്സയിലുണ്ട്. 3,97,636 പേർക്ക് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചെങ്കിലും, അതിൽ 3,82,776 പേർക്കും ഭേദമായിട്ടുണ്ട്. 6,747 പേരാണ് ഇത് വരെ മരിച്ചത്. രാജ്യത്ത് നടന്ന് വരുന്ന വാക്‌സിനേഷൻ പദ്ധതി വഴി ഇത് വരെ 61 ലക്ഷത്തോളം ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

