Quantcast

സ്പോണ്‍സറുടെ സത്യസന്ധത; നാട്ടില്‍നിന്ന് മടങ്ങാന്‍ കഴിയാതിരുന്ന പ്രവാസിയുടെ എട്ട് ലക്ഷത്തോളം രൂപ നാട്ടിലെത്തിച്ചു

ഇന്ത്യന്‍ എംബസിയുടെയും സന്നദ്ധ പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ പൊറ്റശ്ശേരിയുടെയും ഇടപെടലും തുണയായി

MediaOne Logo

Web Desk

  • Updated:

    2022-04-03 11:33:23.0

Published:

3 April 2022 10:54 AM GMT

സ്പോണ്‍സറുടെ സത്യസന്ധത;   നാട്ടില്‍നിന്ന് മടങ്ങാന്‍ കഴിയാതിരുന്ന  പ്രവാസിയുടെ എട്ട് ലക്ഷത്തോളം രൂപ നാട്ടിലെത്തിച്ചു
X

ജുബൈല്‍: അവധിക്ക് നാട്ടില്‍പോയി, പിന്നീട് മടങ്ങാന്‍ കഴിയാതിരുന്ന ജീവനക്കാരനെ ശ്രമപ്പെട്ട് കണ്ടെത്തി എട്ടുലക്ഷത്തോളം രൂപ തിരികെ നല്‍കി സ്‌പോണ്‍സര്‍. ജമ്മുകാശ്മീര്‍ മാങ്കോട്ട് മേന്ദര്‍ സ്വദേശി മുഹമ്മദ് യൂനുസിനാണ് നഷ്ടപെട്ടുവെന്നുകരുതിയ പണം സ്പോണ്‍സറുടെ സാത്യസന്ധതയുടേയും ഇന്ത്യന്‍ എംബസിയുടെയും പരിശ്രമഫലമായി രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചത്. ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ പൊറ്റശ്ശേരിയുടെ ഇടപെടലും കാര്യങ്ങള്‍ എളുപ്പമാകാന്‍ സഹായിച്ചു.

അബ്ദുള്ള ആയിദ് അസ്സുബൈയി എന്ന സ്‌പോണ്‍സര്‍ക്കൊപ്പം റിയാദില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് 2019ല്‍ മുഹമ്മദ് യൂനുസ് അവധിക്ക് നാട്ടിലേക്ക് പോയത്. തിരിച്ചെത്തുമ്പോള്‍ മടക്കി വാങ്ങാമെന്ന കരാറില്‍ തന്റെ കൈവശമുണ്ടായിരുന്ന 40,000 റിയാല്‍ യൂനുസ് സ്പോണ്‍സറെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ എത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് യൂനുസിന് തിരികെ വരാന്‍ സാധിക്കാതെ പോയി. രണ്ടര വര്‍ഷമായിട്ടും ബന്ധങ്ങളൊന്നുമില്ലാതിരുന്ന യൂനുസിനെ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയില്‍ അന്വേഷിക്കുകയും ആളെ കണ്ടെത്തി തന്നാല്‍ പണം കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.

സാധാരണ രീതിയില്‍ എംബസിയിലെ സിസ്റ്റത്തില്‍നിന്ന് നാട്ടിലെ ബന്ധപ്പെടാനുള്ള മോബൈല്‍ നമ്പരുകള്‍ ലഭിക്കാറുണ്ടായിരുന്നെങ്കിലും യൂനുസിന്റെ വിലാസം മാത്രമേ ലഭിച്ചിരുന്നുളളു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി ജുബൈലിലെ സാമൂഹ്യ പ്രവര്‍ത്തകനും എംബസി സന്നദ്ധ പ്രവര്‍ത്തകനുമായ സൈഫുദീന്‍ പൊറ്റശ്ശേരിയെ വിവരം അറിയിച്ചു. ഇന്ത്യക്കാരുടെ വ്യത്യസ്ത വാട്ട്‌സപ്പ് ഗ്രൂപ്പുകളിലേക്ക് സൈഫുദ്ദീന്‍ പൊറ്റശ്ശേരി സന്ദേശം അയച്ചതിന്റെ ഫലമായി ജിദ്ദയിലെ ഒരു മലയാളിയുടെ കൂടെ ജോലി ചെയ്തുവരുന്ന ജമ്മു കാശ്മീര്‍ സ്വദേശി വഴി യൂനുസിനെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് യൂനുസുമായി വീഡിയോകോളില്‍ സംസാരിക്കുകയും പാസ്സ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും വരുത്തി ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ എംബസിക്ക് കൈമാറുകയുമായിരുന്നു. കൂടാതെ സ്‌പോണ്‍സറും യൂനുസമായി വീഡിയോയില്‍ സംസാരിച്ചു. തുടര്‍ന്ന് പണം എംബസിയില്‍ ഏല്‍പ്പിക്കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധത അറിയിച്ചു. തിരികെ സൗദിയില്‍ വരാന്‍ കഴിയാതിരുന്നതും രോഗാവസ്ഥയും യൂനുസിന്റെയും കുടുംബത്തിന്റെയും നാട്ടിലെ നില ദുരിതപൂര്‍ണ്ണമാക്കിയിരുന്നു.

മുന്‍പ് മറ്റൊരു സമാന സംഭവത്തിലും ഇത്തരത്തില്‍ ഇടപെട്ട് ആളെ കണ്ടെത്താന്‍ പരിശ്രമിച്ചിട്ടുള്ള സൈഫുദ്ദീന്‍ പൊറ്റശ്ശേരിയെ എംബസിയും സ്‌പോണ്‍സറും അഭിനന്ദിച്ചു.

TAGS :

Next Story